
ജന്മദിനത്തിൽ തനിക്കൊരു ഐഫോൺ വേണമെന്ന് ആഗ്രഹിച്ച യുവതിക്ക്, പത്തുവയസ്സുകാരിയായ അനുജത്തി നൽകിയ സമ്മാനം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. സ്വന്തം കൈകൾ കൊണ്ട് കടലാസിൽ നിർമ്മിച്ച ഒരു 'പേപ്പർ ഐഫോൺ' ആണ് അനുജത്തി ചേച്ചിയ്ക്ക് നൽകിയ സ്നേഹ സമ്മാനം. ഈ കൊച്ചു സമ്മാനത്തിലെ നിഷ്കളങ്കതയും സ്നേഹവും സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ ഹൃദയമാണ് കീഴടക്കിയിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം യൂസറായ @financefromscratch_ ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സാധാരണ ഐഫോൺ പാക്കിംഗിനോട് സാമ്യമുള്ള ഒരു ബോക്സ് തുറക്കുന്നതാണ് വീഡിയോയുടെ തുടക്കം. എന്നാൽ, ബോക്സ് തുറക്കുമ്പോൾ അതിനുള്ളിൽ യഥാർത്ഥ ഐഫോണിന് പകരം കടലാസിൽ നിർമ്മിച്ച ഒരു ഐഫോൺ 'ഫോൺ' കാണാം. വീഡിയോയോടൊപ്പം, 'ജന്മദിനത്തിൽ എനിക്കൊരു ഐഫോൺ വേണമെന്ന് ഞാൻ എന്റെ പത്തുവയസ്സുകാരിയായ സഹോദരിയോട് പറഞ്ഞിരുന്നു, അവൾ എനിക്കുവേണ്ടി നിർമ്മിച്ച് നൽകിയതാണ് ഇത്' എന്ന കുറിപ്പും യുവതി നൽകിയിട്ടുണ്ട്.
ഈ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾക്ക് നൽകുന്നതിനേക്കാൾ വലിയ മൂല്യം ഈ സമ്മാനത്തിനുണ്ടെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. 'ഇതൊരു യഥാർത്ഥ ഐഫോണിനേക്കാൾ വിലമതിപ്പുള്ളതാണ്' എന്ന് ഒരാൾ കമന്റ് ചെയ്തു. 'കുട്ടികൾക്ക് ഏറ്റവും വിശുദ്ധമായ മനസ്സാണുള്ളത്. ഇന്ന് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കാഴ്ചയാണിത്' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
കൂടാതെ, സ്നേഹം പ്രകടിപ്പിക്കാൻ പണത്തേക്കാൾ ഉപരിയായി സർഗ്ഗാത്മകതയാണ് വേണ്ടതെന്ന് ഈ കൊച്ചു സമ്മാനം ഓർമ്മിപ്പിക്കുന്നുവെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു. സ്നേഹം പ്രകടിപ്പിക്കാൻ കുട്ടി കാണിച്ച ഈ പരിശ്രമം അമൂല്യമാണെന്നും, ഈ ഓർമ്മ എക്കാലവും സൂക്ഷിക്കണമെന്നുമാണ് വീഡിയോ കണ്ടവർ ഒന്നടങ്കം പറയുന്നത്.