
മനുഷ്യർ പരസ്പരം താങ്ങാവുന്ന, മനുഷ്യത്വത്തെ കുറിച്ച് ഉറക്കെ വിളംബരം ചെയ്യുന്ന അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ, സിംഗപ്പൂരിലെ പൊതുഗതാഗത സംവിധാനങ്ങളും അതിലെ ജീവനക്കാരും എത്രത്തോളം സഹാനുഭൂതിയുള്ളതാണ് എന്ന് ലോകത്തിന് കാട്ടിക്കൊടുക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സിംഗപ്പൂരിൽ താമസിക്കുന്ന സ്നേഹ എന്ന ഇന്ത്യൻ യുവതിയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഒരു ബസ് ഡ്രൈവർ തന്റെ പതിവ് ജോലികൾക്കിടയിൽ വാഹനം നിർത്തി പുറത്തിറങ്ങി വന്ന്, വീൽചെയറിൽ ഉള്ള ഒരു യാത്രക്കാരനെ സുരക്ഷിതമായി ബസ്സിൽ നിന്നും ഇറങ്ങാൻ സഹായിക്കുന്നതാണ് യുവതി പങ്കുവച്ചിരിക്കുന്ന വീഡിയോയിലുള്ളത്. തിരക്കേറിയ നഗരജീവിതത്തിനിടയിലും മറ്റൊരാളുടെ സുരക്ഷ ഉറപ്പിക്കാനായി സമയം കണ്ടെത്തിയ ഡ്രൈവറുടെ പ്രവർത്തി സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനങ്ങളാണ് ഏറ്റുവാങ്ങിയത്.
'സിംഗപ്പൂരിൽ ബസ് ഡ്രൈവർമാർ വാഹനം നിർത്തിയ ശേഷം താഴെയിറങ്ങി വന്ന് പ്രായമായവരെയും വീൽചെയറിൽ ഉള്ളവരെയും സുരക്ഷിതമായി ഇറങ്ങാൻ സഹായിക്കാറുണ്ട്. ഇത്തരം കരുണയുള്ള പ്രവർത്തികളാണ് ഒരു രാജ്യത്തെ രൂപപ്പെടുത്തുന്നത്' എന്നാണ് സ്നേഹ വീഡിയോയിൽ കുറിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകളുമായി എത്തിയിരിക്കുന്നതും. 'സിംഗപ്പൂർ ഓരോ ദിവസവും എന്നെ അത്ഭുതപ്പെടുത്തുകയാണ്' എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ അനേകങ്ങൾ തങ്ങളുടെ സമാനമായ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. 'ഇത് സത്യമാണ്, ഞാൻ നേരിട്ട് ഇത്തരം കാഴ്ചകൾ കണ്ടിട്ടുണ്ട്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'ഇന്റർനെറ്റിലെ ഏറ്റവും മികച്ച വീഡിയോ' എന്നാണ് മറ്റൊരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയത്. 'സിംഗപ്പൂർ തന്റെ പ്രിയപ്പെട്ട രാജ്യമാകാൻ കാരണം ഇത്തരം മനോഭാവങ്ങളാണ്' എന്നും പലരും കുറിച്ചു.