
പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും അതിനോട് ചേർന്നുള്ള സ്ഥലങ്ങളിലും സാധനങ്ങൾക്ക് വലിയ വിലയായിരിക്കും. അതിനി ഭക്ഷണമായിക്കോട്ടെ, വസ്ത്രങ്ങളോ ബാഗുകളോ ഒക്കെ ആയിക്കോട്ടെ വലിയ വിലയാണ് പലപ്പോഴും ചുമത്തുന്നത്. ഇനി അഥവാ വിദേശത്ത് നിന്നുള്ള ആളുകളോടാണെങ്കിലോ, വൻവില തന്നെ പല കച്ചവടക്കാരും വാങ്ങാൻ ശ്രമിക്കാറുണ്ട്. എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്, hugh.abroad എന്ന യൂസറാണ്. ഹൈദ്രബാദിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് വിദേശിയായ യുവാവ് ഒരു പഴം വില്പനക്കാരന്റെ അടുത്തേക്ക് ചെല്ലുന്നതാണ്. അയാൾ ഉന്തുവണ്ടിയിലാണ് പഴങ്ങളുമായി എത്തുന്നത്. ഒരു പഴത്തിന് എത്ര രൂപയാണ് വില എന്നാണ് ഇയാൾ ചോദിക്കുന്നത്. അപ്പോൾ കച്ചവടക്കാരൻ പറയുന്നത് 100 രൂപ എന്നാണ്.
യുവാവ് എടുത്തു ചോദിക്കുന്നുണ്ട് ഒരു പഴത്തിനോ, നൂറു രൂപയോ എന്നൊക്കെ. എന്നാൽ, കച്ചവടക്കാരൻ ആ വിലയിൽ തന്നെ ഉറച്ച് നിൽക്കുകയാണ്. ഒരു ചെറിയ പഴം അയാൾ എടുത്തു കാണിക്കുന്നതും ഇതിന് തന്നെയാണ് ആ വില എന്ന് പറയുന്നതും കാണാം. അതോടെ, യുവാവ് അത് വാങ്ങാൻ തയ്യാറാവുന്നില്ല. മാത്രമല്ല, ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ കച്ചവടം നടക്കുമോ എന്ന സംശയവും പ്രകടിപ്പിക്കുന്നുണ്ട്.
എന്തായാലും, വീഡിയോ കണ്ട് നിരവധിപ്പേരാണ് തങ്ങളുടെ അഭിപ്രായവുമായി മുന്നോട്ട് വന്നത്. അയാൾ, ഒരു പഴത്തിനാണ് 100 രൂപ എന്ന് പറയുന്നതെങ്കിൽ അത് വളരെ കൂടിയ വിലയാണ് എന്നും നിങ്ങളെ പറ്റിക്കാൻ ശ്രമിക്കുന്നതാണ് എന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റ് ചിലർ ഇത് വിദേശികൾക്കുള്ള പൈസ ആയിരിക്കാം എന്നും പറയുന്നുണ്ട്.