ഒരു കുപ്പി വെള്ളത്തിന് 100 രൂപ! കരൺ ഔജ്‌ലയുടെ ഡൽഹി സംഗീതനിശ, വിവാദം

Published : Mar 02, 2026, 03:47 PM IST
viral video

Synopsis

പ്രശസ്ത ഗായകൻ കരൺ ഔജ്‌ലയുടെ ഡെൽഹിയിലെ സംഗീത പരിപാടി മോശം സംഘാടനത്തിന്റെ പേരിൽ വിവാദത്തിലായി. കുടിവെള്ളത്തിന് 100 രൂപ വരെ ഈടാക്കിയതും കാണികൾക്കിടയിലെ സംഘർഷവും ആരാധകരുടെ പ്രതിഷേധത്തിന് കാരണമാവുകയായിരുന്നു.

പ്രശസ്ത പഞ്ചാബി ഗായകൻ കരൺ ഔജ്‌ലയുടെ 'പി-പോപ്പ് കൾച്ചർ ഇന്ത്യ ടൂർ 2026' -ന്റെ ഉദ്ഘാടന പരിപാടി പരാതികൾക്കും സംഘർഷങ്ങൾക്കും വേദിയായി. ഫെബ്രുവരി 28-ന് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ 75,000-ത്തോളം ആരാധകരാണ് പങ്കെടുത്തത്. സംഗീതപരമായി പരിപാടി വൻ വിജയമായിരുന്നുവെങ്കിലും മോശം സംഘാടനവും കൊള്ളവിലയും പരിപാടിയുടെ ശോഭ കെടുത്തിയതായിട്ടാണ് ആരോപണം.

പരിപാടിക്ക് എത്തിയവരിൽ നിന്ന് ഭക്ഷണത്തിനും വെള്ളത്തിനും അമിതവില ഈടാക്കിയതാണ് പ്രധാന വിവാദമായത്. സ്റ്റേഡിയത്തിന് പുറത്ത് ഒരു കുപ്പി വെള്ളത്തിന് 100 രൂപ ഈടാക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. "ടിക്കറ്റിന് വൻതുക നൽകി എത്തുന്നവരോട് കുടിവെള്ളത്തിന് പോലും ഇത്രയും തുക ഈടാക്കുന്നത് ക്രൂരതയാണ്" എന്ന് ആരാധകർ കുറ്റപ്പെടുത്തി. ചിലയിടങ്ങളിൽ കുടിവെള്ളത്തിന് 250 രൂപ വരെ വാങ്ങിയതായും പരാതികളുണ്ട്. 20 രൂപയിൽ താഴെ മാത്രം വിലയുള്ള കുടിവെള്ളത്തിന് 10 ഇരട്ടിയിലധികം തുക ഈടാക്കിയതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

സംഗീത പരിപാടിക്കിടെ കാണികൾക്കിടയിൽ ഉണ്ടായ കൈയാങ്കളിയും വാർത്തകളിൽ ഇടംപിടിച്ചു. വി.വി.ഐ.പി ലോഞ്ചിൽ ഉൾപ്പെടെ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് പുറമെ മണിക്കൂറുകളോളം കാത്തുനിന്നിട്ടും വാലിഡ് പാസുകളുള്ള പലർക്കും സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശനം ലഭിച്ചില്ല. സ്റ്റേഡിയത്തിന്റെ ശേഷിയേക്കാൾ കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചതിനാൽ തിക്കും തിരക്കും അനുഭവപ്പെട്ടതായും ഇത് സുരക്ഷാ ഭീഷണിയുണ്ടാക്കിയതായും ആരാധകർ ആരോപിക്കുന്നു. ചിലർ ടിക്കറ്റ് കൗണ്ടറുകൾ തകർത്ത് പാസുകൾ തട്ടിയെടുത്തതായും റിപ്പോർട്ടുകളുണ്ട്.

 

 

സംഘാടനത്തിലെ ഇത്തരം പിഴവുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. വരും ദിവസങ്ങളിൽ മുംബൈ, പുനെ ഉൾപ്പടെയുള്ള നഗരങ്ങളിലും കരൺ ഔജ്‌ലയുടെ പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

അമിതവേഗതയിലെത്തിയ ട്രക്ക് കാറിനെ വലിച്ചിഴച്ചത് ഒന്നര കിലോമീറ്റർ; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ
മകളുടെ ഓഫീസ് കണ്ട് അച്ഛനും അമ്മയും, ഏത് മക്കളും കൊതിക്കുന്ന നിമിഷമെന്ന് സോഷ്യൽ മീഡിയ