
അച്ഛനമ്മമാരെ തങ്ങളുടെ ഉയർച്ചയ്ക്കൊപ്പം ചേർത്തു പിടിക്കാനും നാം നടക്കുന്ന വഴികൾ അവരെ കൂടി കാണിക്കാനും ഏതൊരു മക്കളും ആഗ്രഹിക്കാറുണ്ട്. കാരണം, പലപ്പോഴും മാതാപിതാക്കൾ പലതും ത്യജിച്ചും സഹിച്ചുമാവും മക്കളെ വളർത്തിയിട്ടുണ്ടാവുക. അത്തരം മനോഹരമായ നിമിഷങ്ങൾ കാണിക്കുന്ന അനേകം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഹൈദരാബാദിലെ മൈക്രോസോഫ്റ്റ് ക്യാമ്പസിൽ ജോലി ചെയ്യുന്ന തനേയ സോണി എന്ന യുവതിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. തനേയ തന്റെ മാതാപിതാക്കളെ ഓഫീസ് കാണിക്കാൻ കൊണ്ടുപോയ വീഡിയോ ആണ് ഷെയർ ചെയ്തിരിക്കുന്നത്. 'വർഷങ്ങളായുള്ള തന്റെ വലിയൊരു സ്വപ്നം സഫലമായ നിമിഷം' എന്ന കുറിപ്പോടെയാണ് തനേയ ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചത്.
വീഡിയോയിൽ തന്റെ മാതാപിതാക്കളെ ഓഫീസിലെ വിവിധ ഭാഗങ്ങളിലൂടെ തനേയ കൂട്ടിക്കൊണ്ടുപോകുന്നത് കാണാം. തന്റെ ജോലിസ്ഥലവും സൗകര്യങ്ങളും അഭിമാനത്തോടെ അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന തനേയയും, കൗതുകത്തോടെയും സന്തോഷത്തോടെയും എല്ലാം നോക്കിക്കാണുകയും ചെയ്യുന്ന മാതാപിതാക്കളെയും വീഡിയോയിൽ കാണാം.
'സ്വപ്നം യാഥാർത്ഥ്യമായ നിമിഷം' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് തനേയ കുറിച്ചത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. 'മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷവും അഭിമാനവും ഇത്തരം നിമിഷങ്ങളാണ്' എന്ന് ഒരാൾ കുറിച്ചു. 'ഏതൊരു മകളും മകനും ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യമാണിത്. നിങ്ങളൊരു പ്രചോദനമാണ്' എന്നായിരുന്നു മറ്റൊരു കമന്റ്.