
ബെംഗളൂരുവിൽ വീട് കണ്ടെത്തുന്നത് വലിയ പാടാണ്. കാരണം മറ്റൊന്നുമല്ല, ഒടുക്കത്തെ വാടക തന്നെ. ഇപ്പോഴിതാ വീണ്ടും ബെംഗളൂരുവിലെ വാടകയെ കുറിച്ച് ചർച്ചയുണ്ടാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ഒരു യുവതി ഷെയർ ചെയ്തിരിക്കുന്ന വീഡിയോ. ബെംഗളൂരുവിൽ 3 BHK ഫ്ലാറ്റിലെ ഒരു മുറിക്ക് താൻ 30,000 രൂപയാണ് വാടക നൽകുന്നതെന്നും, എന്നാൽ സൗകര്യങ്ങൾ വെച്ച് നോക്കുമ്പോൾ അതൊരു നല്ല ഡീലാണെന്നും പറഞ്ഞാണ് യുവതി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വലിയ ജനലുകളും സ്വന്തമായി ഒരു ബാല്കണിയുമുള്ള മനോഹരമായി അലങ്കരിച്ച തന്റെ മുറി വീഡിയോയിലൂടെ അവർ കാണിച്ചുതരുന്നതും കാണാം. 'ബെംഗളൂരുവിൽ ഒരു മുറിക്ക് ഞാൻ 30,000 രൂപ നൽകുന്നു, സത്യത്തിൽ അതൊരു വലിയ കാര്യമാണ്. എന്നെ വിമർശിക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണത് എന്ന് ഞാൻ കാണിച്ചുതരാം' എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.
പിന്നീട്, അവർ തന്റെ വിശാലമായ മുറിയും അവിടെ നിന്നും ബാൽക്കണിയിലോട്ടിറങ്ങുമ്പോൾ കാണുന്ന മനോഹരമായ വ്യൂവുമാണ് വീഡിയോയിൽ കാണിക്കുന്നത്. വളരെ ശാന്തതയുള്ള അന്തരീക്ഷമാണ് അവിടെയെന്ന് വീഡിയോയിൽ കാണാം. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ചിലർ ഈ വാടക ന്യായമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, മറ്റു ചിലർ ഇത് വളരെ കൂടുതലാണെന്ന് വാദിച്ചു.
'ഞാൻ ശ്മശാനത്തിന് അഭിമുഖമായുള്ള 2 BHK ഫ്ലാറ്റിന് 50,000 രൂപ നൽകുന്നുണ്ട്' എന്ന് ഒരാൾ കമന്റ് ചെയ്തു. 'എനിക്ക് അസൂയ തോന്നുന്നു' എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. ഇന്ദിരനഗർ, സി.വി. രാമൻ നഗർ, വൈറ്റ്‌ഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിൽ മാസങ്ങളോളം വീട് അന്വേഷിച്ച മറ്റൊരാൾ കുറിച്ചത് ഇങ്ങനെയാണ്, 'ഇത് വളരെ കൂടുതലാണെന്ന് പറയുന്നവർ അടുത്തിടെ ബെംഗളൂരുവിൽ വീട് അന്വേഷിച്ചിട്ടുണ്ടാവില്ല. സുരക്ഷിതമായ ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ ഒരു നല്ല അപ്പാർട്ട്മെന്റിന് നിലവിലെ നിരക്ക് ഇതാണ്. സ്ത്രീകൾക്ക് സുരക്ഷിതമെന്ന് തോന്നുന്ന ഇത്തരം സ്ഥലങ്ങളിൽ ജീവിക്കുന്നത് വലിയൊരു ആശ്വാസമാണ്. അതിനാൽ അഭിനന്ദനങ്ങൾ'.