
62 -ാമത്തെ വയസിൽ ആദ്യമായി വിമാനത്തിൽ പോകുന്ന ഒരാളുടെ സന്തോഷം എത്രയായിരിക്കും? അങ്ങനെ ഒരാളാണ് മിൽക്കുരി ഗംഗവ്വ. നേരത്തെ കൃഷിപ്പണി ആയിരുന്നു ഗംഗവ്വയ്ക്ക്. എന്നാൽ, തെലങ്കാനയിലെ ഗ്രാമപ്രദേശങ്ങളിലെ ജീവിതവും സംസ്കാരവും മറ്റും വെളിപ്പെടുത്തുന്ന 'മൈ വില്ലേജ് ഷോ'യിൽ പ്രത്യക്ഷപ്പെട്ടതോടെ ഗംഗവ്വയെ ആളുകൾ അറിഞ്ഞ് തുടങ്ങി.
അടുത്തിടെ ഗംഗവ്വയുടെ ഒരു വീഡിയോ വൈറലായി. അതിൽ 62 -ാമത്തെ വയസിൽ വിമാനത്തിൽ കയറി യാത്ര ചെയ്യുന്ന ഗംഗവ്വയെ കാണാം. നമ്മുടെ ആഗ്രഹം സാധിക്കുന്നതിന് പ്രായമൊന്നും ഒരു തടസമല്ല എന്ന് തെളിയിക്കുന്നതാണ് വീഡിയോ.
അൽപം പരിഭ്രാന്തിയോടും എന്നാൽ അതിലേറെ എക്സൈറ്റ്‍മെന്റോടും കൂടി വിമാനത്തിൽ കയറുന്ന ഗംഗവ്വയെ ആണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. വിമാനത്തിനകത്തെ കാഴ്ചകളിലും അവർ ആകെ അമ്പരപ്പിലാണ്. സീറ്റ് ബെൽറ്റ് ധരിക്കാൻ അവർ കഷ്ടപ്പെടുന്നതും വീഡിയോയിൽ കാണാം. ആദ്യമായി വിമാനത്തിൽ കയറിയപ്പോഴുണ്ടായ അനുഭവവും ഗംഗവ്വ വീഡിയോയിൽ വിവരിക്കുന്നുണ്ട്. ഉയരത്തിൽ പോയപ്പോൾ ഭയന്നു എന്നും ചെവി വേദനിച്ചു എന്നും ഗംഗവ്വ പറയുന്നുണ്ട്.
തെലുങ്കിലാണ് ഗംഗവ്വ എപ്പോഴും സംസാരിക്കുന്നത്. എന്നാൽ, അതൊന്നും കാഴ്ച്ചക്കാരിൽ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാക്കാറേ ഇല്ല. ഏത് ഭാഷക്കാരും ഗംഗവ്വയുടെ വീഡിയോ ആസ്വദിക്കാറുണ്ട്. ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്, 'എനിക്ക് നിങ്ങളുടെ ഭാഷ അറിയില്ല. പക്ഷേ, വീഡിയോ ആസ്വദിച്ചു. ഇതുപോലെ എന്റെ അമ്മയെ വിമാനത്തിൽ കൊണ്ട് പോകുന്നതിനെ കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നത്' എന്നാണ്. മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത് 'ഒന്നും പറയണം എന്നില്ല. ഭാവങ്ങളിൽ നിന്നും തന്നെ എല്ലാം വ്യക്തമാണ്' എന്നാണ്.
ഏതായാലും എന്നത്തേയും പോലും ഗംഗവ്വയുടെ ഈ വീഡിയോയ്ക്കും നിരവധി പേരാണ് ലൈക്കും ഷെയറും ചെയ്തിരിക്കുന്നത്.