
സാധാരണയായി കഫേകളിൽ നിന്നോ റെസ്റ്റോറന്റുകളിൽ നിന്നോ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ഇഷ്ടമില്ലാത്ത ഇൻഗ്രീഡിയന്റ് ഒഴിവാക്കാൻ നമ്മൾ ചിലപ്പോൾ പറയാറുണ്ട്. എന്നാൽ, അങ്ങനെയൊരു ഇൻഗ്രീഡിയന്റ് ഒഴിവാക്കിയതിന് കഫേ അധികം തുക ഈടാക്കിയാലോ? സാൻ ഫ്രാൻസിസ്കോയിലെ ഒരു കഫേയിൽ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇൻഫ്ലുവൻസർ വാഗ്മിത സിങ്. സാൻഡ്‍വിച്ചിൽ നിന്ന് ചീസ് ഒഴിവാക്കിയതിന് കഫേ അധികൃതർ 75 സെന്റ് (ഏകദേശം 72 രൂപ) അധികമായി ഈടാക്കിയെന്നാണ് വാഗ്മിത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.
സാൻ ഫ്രാൻസിസ്കോയിലെ ഒരു കഫേയിൽ നിന്ന് സാൻഡ്‍വിച്ച് ഓർഡർ ചെയ്ത വാഗ്മിത, അതിൽ നിന്ന് ചീസ് ഒഴിവാക്കണമെന്ന് ജീവനക്കാരിയോട് ആവശ്യപ്പെട്ടു. എന്നാൽ അതിന് 75 സെന്റ് അധികം നൽകണമെന്നായിരുന്നു ജീവനക്കാരിയുടെ മറുപടി. കഴിക്കാത്ത ഒരു സാധനത്തിന് എന്തിനാണ് താൻ പണം നൽകേണ്ടതെന്ന് വാഗ്മിത ചോദിച്ചപ്പോൾ, ഇതൊക്കെ നേരത്തെ തയ്യാറാക്കുന്നതാണ് എന്നും അതിന്റേതായ പ്രയത്നം ഷെഫിന് വന്നിട്ടുണ്ടെന്നുമായിരുന്നു മറുപടി.
എന്നാൽ, വാഗ്മിതയ്ക്ക് ഈ മറുപടിയിൽ തൃപ്തി തോന്നിയില്ല. ഇനി വരും ദിവസങ്ങളിൽ കോക്ക് കുടിക്കാത്തതിനോ, ബാത്റൂം ഉപയോഗിക്കാത്തതിനോ ഒക്കെ കഫേകൾ അധിക തുക ഈടാക്കുമോ എന്നാണവർ ചോദിക്കുന്നത്.
വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 'ഇത് പുതിയ കാര്യമല്ല. 2015-ൽ ന്യൂസിലാൻഡിൽ എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്. ബർഗറിൽ നിന്ന് പാറ്റി ഒഴിവാക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ 5 ഡോളർ അധികം ഈടാക്കി' എന്നായിരുന്നു ഒരാളുടെ കമന്റ്.
'പാരീസിൽ വച്ച് എനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ അവരോട് പറഞ്ഞു, എനിക്ക് തരൂ, ഞാൻ തന്നെ അത് എടുത്തുമാറ്റിക്കോളാം എന്ന്' എന്നായിരുന്നു മറ്റൊരു കമന്റ്.