
ആദ്യമായി അമേരിക്ക സന്ദർശിച്ച ഒരു ഇന്ത്യൻ പിതാവിന്റെ തുറന്നുപറച്ചിലുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മക്കൾ നല്ല നിലയിലെത്തിയതിന്റെ സന്തോഷവും, ആദ്യമായി യു എസ് സന്ദർശിച്ചപ്പോഴുള്ള അനുഭവങ്ങളുമാണ് ഈ പിതാവ് പങ്കുവെക്കുന്നത്. നേഹ നൂക്ക തന്റെ അച്ഛനുമൊത്തുള്ള സംഭാഷണം റെക്കോർഡ് ചെയ്ത് പങ്കുവെച്ചതോടെയാണ് സംഭവം നെറ്റിസൺസിന്റെ ശ്രദ്ധ കവർന്നത്.
ആന്ധ്രാപ്രദേശിലെ ബാപട്ലയിൽ ജനിച്ച തനിക്ക് മക്കൾ അമേരിക്കയിൽ ഉപരിപഠനം നടത്തി മികച്ച കരിയർ കെട്ടിപ്പടുക്കുമെന്ന് ഒരിക്കലും ഊഹിക്കാൻ സാധിച്ചിരുന്നില്ലെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. 'രണ്ട് മക്കളും അമേരിക്കയിൽ എത്തി, പഠിച്ചു, ജോലി ചെയ്യുന്നു. രണ്ടുപേരും നന്നായി സെറ്റിലായി' എന്ന് നിറഞ്ഞ സന്തോഷത്തോടെ അദ്ദേഹം പറയുന്നു. ജീവിതത്തിലൊരിക്കലും അമേരിക്ക സന്ദർശിക്കാൻ തനിക്ക് അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡുകളും വൃത്തിയും സൂപ്പർ; പക്ഷേ, ഭക്ഷണം...
സിയാറ്റിൽ, ന്യൂയോർക്ക്, ന്യൂജേഴ്‌സി തുടങ്ങി നിരവധി സ്ഥലങ്ങൾ സന്ദർശിച്ച അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. മൗണ്ട് റെയ്നിയറിൽ 8,000 അടി ഉയരം വരെ പോയതിനെക്കുറിച്ചും അദ്ദേഹം ആവേശത്തോടെ സംസാരിക്കുന്നുണ്ട്. 'കറങ്ങി നടക്കാൻ പറ്റിയ അടിപൊളി സ്ഥലമാണിത്. വളരെ വൃത്തിയുള്ള പ്രദേശം. റോഡുകളും ആളുകളും എല്ലാം മികച്ചതാണ്' എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ യാത്രയിൽ തനിക്ക് നേരിട്ട ഏക ബുദ്ധിമുട്ട് ഭക്ഷണമാണെന്ന് അദ്ദേഹം തുറന്നുപറയുന്നു. 'ഭക്ഷണ കാര്യത്തിൽ നമ്മൾ ഇന്ത്യക്കാർക്ക് ചെറിയ പ്രയാസം നേരിടുന്നുണ്ട്. അതൊഴിച്ചാൽ ബാക്കിയെല്ലാം വളരെ മികച്ചതാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ നിഷ്കളങ്കമായ മറുപടി. 'അച്ഛനുമൊന്നിച്ചുള്ള എന്റെ ആദ്യത്തെ കൊളാബറേഷൻ' എന്ന കുറിപ്പോടെ നേഹ പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്നാണ് തരംഗമായത്.