കാനഡയിൽ നടക്കാനിറങ്ങിയ ഇന്ത്യക്കാരിയുടെ 13 ലക്ഷത്തിന്റെ സ്വർണം തട്ടി യുവതി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Published : Sep 27, 2026, 09:04 PM IST
Viral video

Synopsis

സംഭവത്തിനുശേഷം വിറച്ചുകൊണ്ട് വീട്ടിലെത്തിയ വയോധികയ്ക്ക് ഏകദേശം അരമണിക്കൂറോളം സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഹൃദ്രോഗിയായ അമ്മയുടെ ആരോഗ്യത്തെക്കുറിച്ചാണ് മകൻ രാഘവേന്ദ്ര കുമാർ ആദ്യം ആശങ്കപ്പെട്ടത്.

കാനഡയിലെ ബ്രാംപ്ടണിൽ സന്ധ്യാസമയത്ത് നടക്കാനിറങ്ങിയ ഇന്ത്യക്കാരിയായ 78-കാരിയുടെ 20,000 ഡോളർ (ഏകദേശം 13 ലക്ഷം രൂപ) വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നു. കാനഡയിലെ സി.ടി.വി ന്യൂസാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ജൂലൈ 28 -നാണ് സംഭവം നടന്നത്. വയോധിക നടന്നുപോകുമ്പോൾ ഒരു എസ്‌.യു.വി കാർ സമീപത്ത് നിർത്തുകയും, അതിൽ നിന്നിറങ്ങിയ സ്ത്രീ വയോധികയുടെ കാലിൽ തൊട്ട് വണങ്ങിയ ശേഷം ആലിംഗനം ചെയ്യുകയും ചെയ്തു.

ഇംഗ്ലീഷ് വശമില്ലാത്ത വയോധിക, തന്നെ കാണാനെത്തിയ അയൽവാസിയാണെന്നാണ് ആദ്യം കരുതിയത്. ഈ വിശ്വാസം മുതലെടുത്ത് പ്രതികൾ അവരുടെ യഥാർത്ഥ സ്വർണ്ണമാലയ്ക്ക് പകരം മറ്റൊരു മാല അണിയിക്കുകയും, സ്വർണ്ണ വളകൾ ഊരിയെടുക്കുകയും ചെയ്തു. ഏകദേശം 110 ഗ്രാം സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അവരുടെ അന്തരിച്ചുപോയ ഭർത്താവ് 1971 -ൽ വിവാഹസമയത്ത് സ്വന്തമായി നിർമ്മിച്ചു നൽകിയതായതിനാൽ ഈ ആഭരണങ്ങൾക്ക് വലിയ സ്ഥാനമാണ് അവരുടെ മനസ്സിൽ.

സംഭവത്തിനുശേഷം വിറച്ചുകൊണ്ട് വീട്ടിലെത്തിയ വയോധികയ്ക്ക് ഏകദേശം അരമണിക്കൂറോളം സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഹൃദ്രോഗിയായ അമ്മയുടെ ആരോഗ്യത്തെക്കുറിച്ചാണ് മകൻ രാഘവേന്ദ്ര കുമാർ ആദ്യം ആശങ്കപ്പെട്ടത്. നഷ്ടപ്പെട്ട സ്വർണ്ണത്തേക്കാൾ അമ്മയുടെ ജീവനാണ് താൻ ഭയന്നതെന്ന് അദ്ദേഹം പറഞ്ഞു. സന്ധ്യാസമയത്തെ നടത്തം പൂർണ്ണമായും നിർത്തിയ അവർ ഇപ്പോൾ ഭയം കാരണം വീടിന്റെ പിൻഭാഗത്ത് മാത്രമാണ് നടക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങളും കാറും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുടുംബം പ്രദേശത്തെ വീടുകളിൽ നിന്നും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിന് നൽകിയെങ്കിലും ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് മകൻ രാഘവേന്ദ്ര കുമാർ വ്യക്തമാക്കി. പീൽ റീജിയണൽ പൊലീസ് കേസിൽ അന്വേഷണം തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ജപ്പാനിൽ വച്ച് സൈക്കിളിൽ നിന്നും വീണു, കടയുടമയുടെ അപ്രതീക്ഷിതമായ പെരുമാറ്റം; മനസ് നിറഞ്ഞ് ഇന്ത്യൻ യുവതി
പത്തിൽ പത്തു മാർക്ക് കൊടുക്കാം; ജയ്‍പൂർ മെട്രോ അത്ഭുതപ്പെടുത്തിയെന്ന് റഷ്യൻ യുവതി