80 -ാം വയസ്സിൽ ആദ്യമായി കടൽ കണ്ടു, കൈകൂപ്പി വണങ്ങി വയോധികൻ; ഹൃദയം തൊട്ട് വീഡിയോ

Published : Aug 03, 2026, 09:52 PM IST
Viral video

Synopsis

'ജീവിതത്തിൽ ഇത്രയും വലിയൊരു അത്ഭുതം... എനിക്ക് ഇതിലേക്ക് നോക്കിനിൽക്കാൻ മാത്രമേ കഴിയുന്നുള്ളൂ. സ്വപ്നത്തിൽ പോലും ഞാൻ ഇത് കണ്ടിട്ടില്ല.'

80 -ാം വയസ്സിൽ ജീവിതത്തിൽ ആദ്യമായി കടൽ കാണാനെത്തിയ ഒരു വയോധികന്റെ വികാരനിർഭരമായ വീഡിയോ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്. ഒഡീഷയിലെ കൊണാർക്കിലുള്ള ചന്ദ്രഭാഗ ബീച്ചിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. തിരമാലകൾ അരികിലേക്ക് വരുമ്പോൾ, അത്ഭുതത്തോടെ നോക്കിനിന്ന് കടലിനെ തൊഴുത് വണങ്ങുന്ന അച്ഛന്റെ ദൃശ്യങ്ങൾ മകനാണ് ക്യാമറയിൽ പകർത്തിയത്.

'ഭുക്കഡ് മുസാഫിർ' (@bhukkhad_musafir) എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ശ്രീകാന്ത് എന്ന യുവാവാണ് ഈ വീഡിയോ പങ്കുവെച്ചത്. 'എന്റെ അച്ഛൻ ജീവിതത്തിൽ ഇതുവരെ കടൽ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം എന്താണെന്ന് നമുക്ക് കാണാം' എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീകാന്ത് വീഡിയോ ആരംഭിക്കുന്നത്. കടലിനു മുന്നിൽ തൊഴുത് വണങ്ങി തീരത്തോടടുക്കുമ്പോൾ തന്നെ കൈകൂപ്പി ആദരവോടെ സമുദ്രത്തിനു മുന്നിൽ വണങ്ങുകയാണ് ഈ അച്ഛൻ.

തിരമാലകൾ കാലിൽ തൊടുമ്പോൾ, 'അച്ഛാ, എന്താണ് തോന്നുന്നത്?' എന്ന് മകൻ ചോദിക്കുന്നുണ്ട്. വികാരഭരിതനായി അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു: 'ജീവിതത്തിൽ ഇത്രയും വലിയൊരു അത്ഭുതം... എനിക്ക് ഇതിലേക്ക് നോക്കിനിൽക്കാൻ മാത്രമേ കഴിയുന്നുള്ളൂ. സ്വപ്നത്തിൽ പോലും ഞാൻ ഇത് കണ്ടിട്ടില്ല.'

 

 

'80 -ാം വയസ്സിൽ അദ്ദേഹം ആദ്യമായി കടൽ കണ്ടു. ആ മുഖത്ത് ഒരു പുഞ്ചിരിയും കണ്ണുകളിൽ ബാല്യത്തിന്റെ നിഷ്കളങ്കതയും ഉണ്ടായിരുന്നു. ചില സന്തോഷങ്ങൾക്ക് പ്രായമൊരു തടസ്സമല്ല. അവ ശരിയായ നിമിഷത്തിനായി കാത്തിരിക്കുക മാത്രം ചെയ്യുന്നു. എന്റെ അച്ഛന്റെ മുഖത്തെ ഈ പുഞ്ചിരിയാണ് ഞങ്ങളുടെ ഏറ്റവും വലിയ നിധി' എന്ന് ശ്രീകാന്ത് വീഡിയോയ്ക്കൊപ്പം കുറിച്ചു. നൂറുകണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. 'സോഷ്യൽ മീഡിയയുടെ സ്വാധീനമില്ലാത്ത, മണ്ണിനോടും പ്രകൃതിയോടും ചേർന്നുനിൽക്കുന്ന തലമുറയുടെ പ്രതീകമാണിത്' എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്.

PREV
Read more Articles on
click me!

Recommended Stories

102 ഡിഗ്രി പനിയിൽ ആശുപത്രിയിൽ, അതിനിടയിൽ വാലറ്റും മറന്നു, പക്ഷേ റാപ്പിഡോ ഡ്രൈവർ ഞെട്ടിച്ചു, വൈറലായി പോസ്റ്റ്
'അച്ഛാ നോക്കിയേ, ഇത്തവണ എല്ലാരും ബാൻഡ് തന്നു'; പഴയ സങ്കടമൊക്കെ മാറി, നിറചിരിയുമായി മിടുക്കി; വൈറലായി വീഡിയോ