ആ ചിരി കണ്ടോ? ആവേശം കണ്ടോ? പ്രായം 70 കഴിഞ്ഞു, ഒട്ടും തളരാതെ കേദാര്‍നാഥ് ട്രെക്കിംഗ് പൂര്‍ത്തിയാക്കി സഹോദരിമാര്‍

Published : Apr 28, 2026, 07:08 PM IST
viral video

Synopsis

പ്രായം വെറും നമ്പര്‍ മാത്രം. തെളിയിച്ച് 70 കഴിഞ്ഞ സഹോദരിമാര്‍. കേദാര്‍നാഥ് ട്രെക്കിംഗ് നടത്തുന്ന ഈ സഹോദരിമാരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ അഭിനന്ദനം ഏറ്റുവാങ്ങുന്നത്. 

പ്രായം വെറും നമ്പർ മാത്രമാണ് എന്ന് തെളിയിക്കുന്ന അനേകം മനുഷ്യരെ നാം കണ്ടിട്ടുണ്ടാവും. അതുപോലെയുള്ള രണ്ട് സഹോദരിമാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 70 വയസ്സ് കഴിഞ്ഞിട്ടും ഒട്ടും തളരാതെ, ഏറെ ആവേശത്തോടെ കേദാർനാഥ് യാത്ര നടത്തുകയാണ് ഈ രണ്ട് സഹോദരിമാരും. ജിനി ജാല എന്ന ഇൻസ്റ്റഗ്രാം യൂസറാണ് തന്റെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ഇവരെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. കേദാർനാഥിലേക്കുള്ള ദുർഘടമായ പാതയിൽ വെച്ചാണ് ജിനി ഈ സഹോദരിമാരെ കാണുന്നത്.

'ജീവിതത്തിന് പരിധികളില്ല, ലക്ഷ്യബോധവും ആവേശവും ഉണ്ടെങ്കിൽ പ്രായം ഒരു തടസ്സമല്ല' എന്ന ക്യാപ്ഷനോടെയാണ് ജിനി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതുമാത്രമല്ല, കേദാർനാഥ് യാത്രയ്ക്ക് മുൻപ് തന്നെ അതീവ ദുഷ്കരമായ കിന്നർ കൈലാഷ് ട്രെക്കിംഗ് ഈ സഹോദരിമാർ വിജയകരമായി പൂർത്തിയാക്കിയിരുന്നുവത്രെ. പ്രായം കാരണം പലരും പലതും ഉപേക്ഷിച്ച് ഒരിടത്തിരിക്കുമ്പോൾ അത്തരം വെല്ലുവിളികൾ ഏറ്റെടുക്കാനാണ് തങ്ങൾക്ക് ഇഷ്ടമെന്നാണ് ഇവർ പറയുന്നത്. ലോകം മുഴുവൻ കാണണമെന്നും പുതിയ മനുഷ്യരെ പരിചയപ്പെടണമെന്നുമാണ് ഈ പ്രായത്തിലും ഇവരുടെ ഏറ്റവും വലിയ ആഗ്രഹമത്രെ. ശരിയായ സമയം വരാനിരിക്കുന്നതേയുള്ളൂ എന്ന് പറഞ്ഞ് കാത്തുനിൽക്കാതെ ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കാനാണ് ഇവർ മറ്റുള്ളവരെയും ഉപദേശിക്കുന്നത്.

 

 

സാഹസികതയോടുള്ള തങ്ങളുടെ ഇഷ്ടത്തെ കുറിച്ചും വീഡിയോയിൽ ഇവർ ചിരിച്ചുകൊണ്ട് പറയുന്നത് കാണാം. 'യഥാർത്ഥ ചോദ്യം നമുക്ക് എത്ര വയസ്സായി എന്നതല്ല... പകരം നമ്മൾ എത്രത്തോളം ആവേശത്തോടെ ജീവിക്കുന്നു എന്നതാണ്' എന്നും ജിനി കുറിച്ചിരിക്കുന്നു. എന്തായാലും, ജിനി ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ഈ സഹോദരിമാരെ കണ്ടുമുട്ടിയതിനെ കുറിച്ച് പലരും കമന്റിൽ സൂചിപ്പിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; 2 വയസുള്ള കുഞ്ഞടക്കം കുടുംബത്തെ നടുറോഡിൽ ഭീഷണിപ്പെടുത്തുന്നു, വിമർശനം
'നിങ്ങളിത് വിശ്വസിക്കില്ല, 4 മണി കഴിഞ്ഞാൽ ഓഫീസിലിരിക്കണ്ട, എല്ലാവരും പുറത്താണ്, ജീവിതമാസ്വദിക്കുന്നു'; വീഡിയോ