വർഷങ്ങളോളം കാത്തിരിപ്പ്, ഒരിക്കൽ പൂവിടും, പിന്നാലെ 'മരിക്കും'; സിക്കിം സുന്ദരിയെ പരിചയപ്പെടുത്തി ആനന്ദ് മഹീന്ദ്ര

Published : Dec 23, 2025, 01:08 PM IST
Sikkim Sundari

Synopsis

വർഷങ്ങളോളം കാത്തിരുന്നാൽ, ഒരിക്കൽ മാത്രം പൂവിടുകയും പിന്നീട് നശിച്ചുപോവുകയും ചെയ്യുന്ന ഹിമാലയത്തിലെ 'സിക്കിം സുന്ദരി'യെ പരിചയപ്പെടുത്തി വ്യവസായിയായ ആനന്ദ് മഹീന്ദ്ര.

പ്രകൃതിയുടെ അത്ഭുതങ്ങൾ പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ഹിമാലയത്തിൽ മാത്രം കാണപ്പെടുന്ന അതീവ സൗന്ദര്യമുള്ളതും, അപൂര്‍വവുമായ 'സിക്കിം സുന്ദരി' (Sikkim Sundari)യെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയയിലൂടെ. @GoNorthEastIN ന്‍റെ വീഡിയോയാണ് അദ്ദേഹം ഷെയര്‍ ചെയ്തിരിക്കുന്നത്. ക്ഷമയുടെ പാഠമാണ് ഈ സസ്യം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിൽ കുറിച്ചു. എന്താണ് സിക്കിം സുന്ദരിയുടെ പ്രത്യേകത? സമുദ്രനിരപ്പിൽ നിന്ന് 4,000 മുതൽ 4,800 മീറ്റർ വരെ ഉയരത്തിൽ, അതീവ ദുഷ്കരമായ കാലാവസ്ഥയിലാണ് ഈ സസ്യം വളരുന്നത്. Rheum nobile എന്നാണ് ശാസ്ത്രീയ നാമം. ഈ ചെടിക്ക് 'ഗ്ലാസ് ഹൗസ് പ്ലാന്റ്' (Glasshouse Plant) എന്നും പേരുണ്ട്. ഇതിന്റെ സുതാര്യമായ ഇലകൾ ഉള്ളിലേക്ക് പ്രകാശത്തെ കടത്തിവിടുകയും മാരകമായ അൾട്രാവയലറ്റ് രശ്മികളെ തടയുകയും ചെയ്യുന്നു. മഞ്ഞുമലകൾക്കിടയിൽ തിളങ്ങുന്ന ഒരു ഗോപുരം പോലെയാണ് ഇത് കാണപ്പെടുക.

വർഷങ്ങളോളം, ചിലപ്പോൾ പതിറ്റാണ്ടുകളോളം ചെറിയ ഇലകളുടെ കൂട്ടം മാത്രമായി ഇത് മണ്ണിൽ നിലനിൽക്കും. അതിനുശേഷം പെട്ടെന്ന് രണ്ട് മീറ്ററോളം ഉയരത്തിൽ വളരുകയും മനോഹരമായി പൂവിടുകയും ചെയ്യും. എന്നാൽ, ആ പൂക്കാലം അതിന്റെ അവസാനമാണ്. ഒരിക്കൽ പൂവിട്ട് വിത്തുകൾ ഉൽപ്പാദിപ്പിച്ചു കഴിഞ്ഞാൽ ആ സസ്യം നശിച്ചുപോകും. ഈയൊരു പ്രത്യേകത കാരണമാണ് ആനന്ദ് മഹീന്ദ്ര ഇതിനെ 'ക്ഷമയുടെ മാസ്റ്റർക്ലാസ്' (masterclass in patience) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

 

 

ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള വിവിധങ്ങളായ സസ്യങ്ങളെക്കുറിച്ച് നമ്മുടെ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കാറുണ്ടെങ്കിലും, നമ്മുടെ സ്വന്തം സിക്കിം സുന്ദരിയെക്കുറിച്ച് എവിടെയും പരാമർശിച്ചു കണ്ടിട്ടില്ലെന്ന് മഹീന്ദ്ര ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ പാഠ്യപദ്ധതിയിലെങ്കിലും ഇത്തരം കാര്യങ്ങൾ ഉൾപ്പെടുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഔഷധഗുണങ്ങൾ ഏറെയുള്ള ഈ സസ്യം പ്രാദേശിക ഗോത്രവർഗ്ഗക്കാർക്കിടയിൽ 'ചുക്ക' (Chuka) എന്ന പേരിലും അറിയപ്പെടുന്നു. ദഹനം, കരൾ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് ഇത് മരുന്നായി ഉപയോഗിക്കാറുണ്ടത്രെ. ഹിമാലയൻ മലനിരകളിലെ ഈ അപൂർവ്വ സുന്ദരിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഹോ, കണ്ണും മനസും നിറഞ്ഞു; പിന്നാലെ പോയി ഭക്ഷണം വാരിയൂട്ടി അമ്മ, ഫ്ലയിങ് കിസ്സ് നൽകി മകൻ, എത്ര മനോഹരമെന്ന് നെറ്റിസൺസ്
മാസ്ക് വച്ച് അടുത്തിരുന്നു, ആദ്യം അസ്വസ്ഥത, മുഖം കണ്ടതും കെട്ടിപ്പിടിക്കലായി, ചിരിയായി, മനോ​ഹരം ഈ വീഡിയോ