അമേരിക്കയിൽ നിന്നും 12,800 കിലോമീറ്റർ യാത്ര ചെയ്ത് പൂനെയിലെത്തിയ യുവാവ് സുഹൃത്തിന് നൽകിയ സർപ്രൈസാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാസ്ക് ധരിച്ച് അരികിലിരുന്ന സുഹൃത്തിനെ കണ്ടപ്പോള്‍ മനസിലായില്ല. എന്നാല്‍, മനസിലായപ്പോള്‍ സംഭവിച്ചത് ഇതാണ്.

തന്റെ സുഹൃത്തിനെ കാണുന്നതിനായി 12,800 കിലോമീറ്റർ യാത്ര ചെയ്ത് അമേരിക്കയിൽ നിന്നും പൂനെയിലെത്തിയ ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന ഹൃദയസ്പർശിയും അതേസമയം രസകരവുമായ വീഡിയോ വൈറലായി മാറിയിരിക്കയാണ്. ഒരു പ്രാങ്കിലൂടെയാണ് പ്രഷിത് ​ഗുജാർ തന്റെ കൂട്ടുകാരനായ സർവേഷ് വൈഭവ് തീഖിനെ സർപ്രൈസ് ചെയ്തിരിക്കുന്നത്. സർവേഷിനെയും പ്രാങ്ക് നടത്താനും അത് റെക്കോർഡുചെയ്യാനും സഹായിച്ച മറ്റ് സുഹൃത്തുക്കളെയും പ്രഷിത് പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

വീഡിയോയിൽ ഒരു യുവാവ് കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നത് കാണാം. പെട്ടെന്ന് അങ്ങോട്ട് മാസ്ക് ധരിച്ച ഒരു യുവാവ് കടന്നു വരുന്നു. അയാൾ അതിന്റെ അടുത്തായി ഇരിക്കുകയും ഈ യുവാവിനെ തുറിച്ച് നോക്കുകയും ചെയ്യുന്നതാണ് പിന്നെ കാണുന്നത്. പൂനെയിൽ നിന്നുള്ള സർവേഷാണ് ആദ്യം പറഞ്ഞ യുവാവ്. മാസ്ക് വച്ചിരിക്കുന്നത് പ്രഷിതും. ഇത് അറിയാതെ സർവേഷിന് മാസ്ക് വച്ചിരിക്കുന്നയാളെ കാണുമ്പോൾ അസ്വസ്ഥത തോന്നുന്നു. എന്നാൽ, പ്രഷിത് മാസ്ക് മാറ്റിയതോടെ സർവേഷിന്റെ ഭാവമാകെ മാറി.

അത് കിലോമീറ്ററുകൾ താണ്ടിയെത്തിയ തന്റെ സുഹൃത്താണ് എന്ന് മനസിലായതും അവനാകെ സന്തോഷത്തിലാവുന്നു. പിന്നാലെ സന്തോഷം അടക്കാനാവാതെ ചിരിക്കുന്നതും കൂട്ടുകാരനെ കെട്ടിപ്പിടിക്കുന്നതുമാണ് പിന്നീട് കാണുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം എത്രമാത്രം ആഴത്തിലുള്ളതാണ് എന്ന് വീഡിയോ കാണുമ്പോൾ തന്നെ വ്യക്തം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്.

View post on Instagram

ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തെ കുറിച്ചാണ് പലരും കമന്റുകൾ പറഞ്ഞിരിക്കുന്നത്. ഇങ്ങനെയൊക്കെയാണ് യഥാർത്ഥ സൗഹൃദം എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂട്ടുകാരനെ കണ്ടപ്പോൾ ഒറ്റ സെക്കന്റ് കൊണ്ട് സർവേഷിന്റെ ഭാവം മാറിയതിനെ കുറിച്ചും കമന്റുകളുണ്ട്.