
ആസാമിൽ നിന്നുള്ള ആനപ്രേമിയായ യുവാവാണ് ബിപിൻ കശ്യപ്. അടുത്തിടെ ബിപിൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളുടെ ഹൃദയം കവരുന്നത്. മോമോ എന്നു വിളിക്കുന്ന പ്രിയാൻഷി എന്ന ആനക്കുട്ടിയുടെ ജന്മദിനാഘോഷമാണ് ഈ വീഡിയോയിൽ കാണാനാവുക. ബിപിൻ കശ്യപ് തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ, പ്രിയാൻഷിയുടെ ജന്മദിനം ബിപിൻ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്നതും ജന്മദിനം ആശംസിച്ചുകൊണ്ടുള്ള ഗാനം ആലപിക്കുന്നതും ഒക്കെയും കാണാം. ആനയോടുള്ള യുവാവിന്റെ സ്നേഹവും കരുതലും വളരെ വേഗത്തിലാണ് ആളുകളുടെ ഹൃദയം കവർന്നത്.
വളർത്തുന്ന ആനയാണ് പ്രിയാൻഷി . അവളും ബിപിൻ കശ്യപും തമ്മിലുള്ള ശക്തവും തീവ്രവുമായ സൗഹൃദവും ബന്ധവും വീഡിയോയിൽ വ്യക്തമായി കാണാം. പിറന്നാളിന് പ്രിയാൻഷിക്ക് വേണ്ടി പഴങ്ങളും പച്ചക്കറികളും ഒക്കെ ഒരുക്കി വച്ചിരിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. അത് കൂടാതെ ഒരു കേക്കും ഒരുക്കി വച്ചിട്ടുണ്ട്. ആനക്കുട്ടി അതിൽ നിന്നും കേക്ക് കഴിക്കുന്നതും വീഡിയോയിൽ കാണാം. ഹാപ്പി ബർത്ഡേ എന്ന് എഴുതിയിരിക്കുന്ന ബാനറും കാണാം. ആനയോട് എത്രമാത്രം അടുപ്പമുണ്ട് ബിപിന് എന്ന് എടുത്തു കാണിക്കുന്നതാണ് വീഡിയോ. നിരവധിപ്പേരാണ് അതിമനോഹരമായ ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
'ഇൻസ്റ്റഗ്രാമിൽ കണ്ട അതിമനോഹരമായ ഒരു കാഴ്ചയാണ് ഇത്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ കുറിച്ചിരിക്കുന്നത്, 'മൃഗങ്ങളെ സ്നേഹിക്കുകയും അവരോട് കരുണയോടെ പെരുമാറുകയും ചെയ്യുന്ന മനുഷ്യരെ തനിക്ക് ഇഷ്ടമാണ്, ഹാപ്പി ബർത് ഡേ മോമോ' എന്നാണ്. ഒപ്പം നിരവധിപ്പേരാണ് മോമോ എന്ന് വിളിക്കുന്ന പ്രിയാൻഷിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.