
ആദ്യമായി ഇന്ത്യയിൽ എത്തുന്ന വിദേശികളെ അമ്പരപ്പിക്കുന്ന പല കാര്യങ്ങളും ഇന്ത്യയിലുണ്ട്. അത് ഇന്ത്യയുടെ പ്രകൃതിഭംഗിയും സംസ്കാരവും സ്മാരകങ്ങളും മാത്രമല്ല. ഇന്ത്യക്കാരുടെ ചില രീതികളും അതിൽ പ്രധാനമാണ്. ഇന്ത്യയിലെ റോഡുകളാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. തോന്നിയ പോലെ ചീറിപ്പായുന്ന വാഹനങ്ങളും നിർത്താത്ത ഹോണടിയും ഒക്കെയാണ് പലപ്പോഴും ഇന്ത്യയിലെ പല റോഡുകളിലെയും കാഴ്ച. എന്തായാലും, തന്റെ അച്ഛനേയും അമ്മയേയും കൂട്ടി ഇന്ത്യയിലെ ഒരു റോഡിലൂടെ കാറിൽ പോകുന്ന ഒരു റഷ്യൻ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നിർത്താതെയുള്ള ഹോണടിയോട് യുവതിയുടെ മാതാപിതാക്കൾ പ്രതികരിക്കുന്ന രീതിയാണ് വീഡിയോ വൈറലായി മാറാൻ കാരണമായത്.
മറീന ഖർബാനി എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ, ഇന്ത്യയിലെ ഒച്ചപ്പാടും ബഹളവും നിറഞ്ഞ റോഡാണ് കാണുന്നത്. പ്രത്യേകിച്ചും ആദ്യമായി ഇന്ത്യയിലെ റോഡിൽക്കൂടി സഞ്ചരിക്കുന്നവരെ അമ്പരപ്പിക്കുന്ന നിരന്തരമായ ഹോൺ ശബ്ദത്തെ അമ്പരപ്പോടെ നോക്കുന്ന അവളുടെ മാതാപിതാക്കളെയും. കാറിന്റെ മുൻ സീറ്റിലാണ് യുവതി ഇരിക്കുന്നത്. പിൻസീറ്റിൽ അവളുടെ മാതാപിതാക്കൾ ഇരിക്കുന്നതും കാണാം. 'എന്തിനാണ് ഇയാൾ ഇങ്ങനെ ഹോണടിക്കുന്നത്' എന്നാണ് യുവതിയുടെ അച്ഛൻ റഷ്യൻ ഭാഷയിൽ ചോദിക്കുന്നത്.
'നമ്മൾ അയാളെ ശല്ല്യപ്പെടുത്തിയോ' എന്നാണ് അവളുടെ അമ്മ ചോദിക്കുന്നത്. 'എന്തിനാണ് ഇത്രയും ഹോണടിക്കുന്നത്? എനിക്ക് മനസിലാകുന്നില്ല' എന്ന് അവളുടെ അച്ഛൻ വീണ്ടും പറയുന്നതും കേൾക്കാം. 'അച്ഛനും അമ്മയും എന്തിനാണ് ആളുകൾ ഇങ്ങനെ ഹോണടിക്കുന്നത് എന്ന് മനസിലാക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയിലേക്ക് സ്വാഗതം, ഇവിടെ ഞങ്ങൾക്ക് ഹോണടിക്കാൻ പ്രത്യേകിച്ചും കാരണമൊന്നും വേണ്ട' എന്നാണ് വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നത്. 'എല്ലാ വിദേശികളും ഇന്ത്യയിൽ എത്തിയ ഉടനെ ചോദിക്കുന്ന ചോദ്യമാണ് നിങ്ങളുടെ അച്ഛനും അമ്മയും ചോദിച്ചിരിക്കുന്നത്' എന്നാണ് ഒരാൾ കമന്റ് നൽകിയത്.