
ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാർ പരുക്കന്മാരാണ്, വലിയ ചാർജ്ജ് ഈടാക്കുന്നവരാണ് തുടങ്ങിയ പരാതികൾ പലപ്പോഴും പലരും പങ്കുവയ്ക്കാറുണ്ട്. എന്നാൽ, അതിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഓട്ടോ ഡ്രൈവർ തന്റെ യാത്രക്കാരിക്കായി പൂക്കൾ സമ്മാനിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. കിറ്റോലി സി കിറ്റ്‌സ് എന്ന യുവതിയാണ് ഈ മനോഹരമായ നിമിഷം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. യുവതി ബെംഗളൂരുവിൽ ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്നു. ആ സമയത്ത് മറ്റൊരു ഓട്ടോയുടെ പിൻഭാഗത്തായി ധാരാളം പർപ്പിൾ നിറത്തിലുള്ള പൂക്കൾ വെച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആ ഭംഗിയുള്ള കാഴ്ച യുവതി തന്റെ ഫോണിൽ പകർത്താനും തുടങ്ങി.
യുവതി പൂക്കൾ കൗതുകത്തോടെ നോക്കുന്നത് ശ്രദ്ധയിൽപ്പെട്ട അവരുടെ ഓട്ടോ ഡ്രൈവർ ഉടൻ തന്നെ മുന്നിലെ ഓട്ടോയുടെ പിൻഭാഗത്തിരുന്ന പൂക്കളിൽ നിന്നും കുറച്ച് പൂക്കൾ പറിച്ചെടുത്ത് യാത്രക്കാരിക്ക് നൽകുകയായിരുന്നു. തീർത്തും അപ്രതീക്ഷിതമായ ഈ പ്രവൃത്തി യുവതിയെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു. 'ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാർ പരുക്കന്മാരാണെന്ന് പറഞ്ഞത് ആരാണ്?' എന്നാണ് യുവതി ചോദിക്കുന്നത്. 'ഈ അണ്ണൻ ഞാൻ ആ പൂക്കളുടെ വീഡിയോ എടുക്കുന്നത് ശ്രദ്ധിച്ചു, പെട്ടെന്ന് തന്നെ അത് പറിച്ചെടുത്ത് എനിക്ക് നൽകി. സച്ച് സ്വീറ്റ് ജെന്റിൽമാൻ' എന്ന് യുവതി കുറിച്ചതായും കാണാം.
1.1 മില്ല്യണിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. 'ഇതാണ് ഞങ്ങൾ സ്നേഹിക്കുന്ന ബെംഗളൂരു', 'ചെറിയ സർപ്രൈസുകളിലൂടെ സന്തോഷം കണ്ടെത്തുന്ന നല്ല മനുഷ്യർ', എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും, നമ്മുടെ ഓരോ ദിവസവും മനോഹരമാക്കാൻ ഇങ്ങനെ അപരിചിതരാണെങ്കിലും നൽകുന്ന കുഞ്ഞുകുഞ്ഞു സർപ്രൈസുകളും സന്തോഷങ്ങളും മതി എന്ന് തെളിയിക്കുന്നതാണ് അല്ലേ ഈ വീഡിയോ?