കൈയിൽ ക്യാമറയുമായി ടൈംസ് സ്ക്വയറിലെ തിരക്കേറിയ തെരുവുകളിലൂടെ നടന്ന പ്രണയ്, ആളുകളോട് 'നിങ്ങൾ ഇന്ത്യയിൽ നിന്നുള്ളവരാണോ?' എന്ന് ചോദിക്കുന്നത് വീഡിയോയിൽ കാണാം.

ഭൂമിയിൽ എവിടെപ്പോയാലും അവിടെ ഒരു മലയാളിയെ എങ്കിലും കാണാം എന്ന് നമ്മൾ പറയാറുണ്ട്. അതുപോലെയാണിപ്പോൾ ലോകത്തെവിടെപ്പോയാലും പത്തുനൂറ് ഇന്ത്യക്കാരെ എങ്കിലും കാണാം എന്ന് പറയുന്നത്. അങ്ങനെ, ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഒരൊറ്റ മണിക്കൂറിൽ 100 ഇന്ത്യക്കാരെ കണ്ടെത്താൻ ഇറങ്ങിത്തിരിച്ചതാണ് മുംബൈ സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ പ്രണയ് ജോഷി. രാത്രി 9.57 -ന് ഒരു മണിക്കൂർ സമയം സെറ്റ് ചെയ്ത ശേഷമാണ് പ്രണയ് തന്റെ ദൗത്യം ആരംഭിച്ചത്. കൈയിൽ ക്യാമറയുമായി ടൈംസ് സ്ക്വയറിലെ തിരക്കേറിയ തെരുവുകളിലൂടെ നടന്ന പ്രണയ്, ആളുകളോട് 'നിങ്ങൾ ഇന്ത്യയിൽ നിന്നുള്ളവരാണോ?' എന്ന് ചോദിക്കുന്നത് വീഡിയോയിൽ കാണാം.

തുടക്കത്തിൽ തന്നെ പ്രണയിന് വൻ സർപ്രൈസാണ് ലഭിച്ചത്. ആദ്യം സംസാരിച്ച 12 പേർ അടങ്ങുന്ന ഗ്രൂപ്പിലെ എല്ലാവരും ഇന്ത്യക്കാരായിരുന്നു. ഇത് പ്രണയിന് വലിയ ആവേശം നൽകി. തുടർന്ന് വിനോദസഞ്ചാരികളും കുടുംബങ്ങളും സുഹൃത്തുക്കളുടെ സംഘങ്ങളുമടക്കം നിരവധി ആളുകളോട് യുവാവ് സംസാരിച്ചു. വെറും 15 മിനിറ്റിനുള്ളിൽ തന്നെ 32 ഇന്ത്യക്കാരെ കണ്ടെത്താൻ സാധിച്ചു. ഒടുവിൽ ലക്ഷ്യമിട്ട ഒരു മണിക്കൂർ പൂർത്തിയാകുന്നതിന് മുമ്പുതന്നെ അതായത് 48 മിനിറ്റിനുള്ളിൽ 100 ഇന്ത്യക്കാരെ കണ്ടെത്തി പ്രണയ് താൻ ഏറ്റെടുത്ത ചലഞ്ച് വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.

View post on Instagram

സോഷ്യൽ മീഡിയയിൽ വൻ പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. വിദേശരാജ്യങ്ങളിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്ത്യക്കാരെ കണ്ടെത്തുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്ന് പലരും കമന്റ് ചെയ്യുന്നു. 'ക്യാമറമാന് ഒരു സല്യൂട്ട്', 'അടുത്ത ചലഞ്ച് മുംബൈയിലെ ശിവാജി പാർക്കിൽ പോയി 100 വിദേശികളെ കണ്ടെത്തുകയാണ്', 'ഇന്ത്യക്കാരെ തിരിച്ചറിയാൻ എത്ര എളുപ്പമാണ്' എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ലണ്ടൻ, ടൊറന്റോ, ദുബായ് തുടങ്ങിയ നഗരങ്ങളിലാണ് ഈ ചലഞ്ച് നടത്തിയതെങ്കിൽ ഇതിലും വേഗത്തിൽ ലക്ഷ്യം കാണാമായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു.