
ചില മൃഗങ്ങളെ ഒക്കെ നമുക്ക് പേടിയാണ് എങ്കിലും കാലങ്ങളായി മനുഷ്യരും മൃഗങ്ങളും തമ്മിൽ പ്രത്യേകതരം സ്നേഹം നിലനിൽക്കുന്നുണ്ട് എന്നത് സത്യമാണ്. അത് നായയാലും പൂച്ചയായാലും പശുവായാലും ഒക്കെ. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
സാധാരണയായി എന്തെങ്കിലും അപകടം പറ്റുകയോ, അനാഥരാവുകയോ ഒക്കെ ചെയ്യുന്ന മൃഗങ്ങളെ പരിചരിച്ച ശേഷം കാട്ടിൽ വിടാറുണ്ട്. അത്തരത്തിൽ റെസ്ക്യൂ സംഘത്തിലെ ഒരാൾ ഒരു കുട്ടിക്കുരങ്ങനെ കാട്ടിൽ വിടുന്നതാണ് വീഡിയോയിൽ. എന്നാൽ, അത്രനാളും തന്നെ പരിചരിച്ച അയാളെ വിട്ട് പോകാൻ കുരങ്ങൻ തയ്യാറാവുന്നില്ല. കുരങ്ങ് വീണ്ടും വീണ്ടും അയാളുടെ അടുത്തേക്ക് തന്നെ വരികയും അയാളെ കെട്ടിപ്പിടിക്കുകയും ചെയ്യുകയാണ്.
നാഗാലാൻഡിലെ ഖോനോമയിലാണ് സംഭവം നടന്നത് എന്ന് പറയുന്നു. നാഗ ഹിൽസിന്റെ ട്വിറ്റർ പേജിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. 'ഒരു കുട്ടിക്കുരങ്ങനെ നാഗാലാൻഡിലെ ഖോനോമയിലെ വനത്തിലേക്ക് തിരികെ വിടുന്നു. 1998 ഡിസംബറിൽ, ഖൊനോമയിലെ വനങ്ങളിൽ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. അതുപോലെ 20 ചതുരശ്ര കിലോമീറ്റർ പ്രദേശം ഗ്രാമ കൗൺസിൽ ഖോനോമ നേച്ചർ കൺസർവേഷൻ ആൻഡ് ട്രാഗോപൻ സാങ്ച്വറി (KNCTS) ആയി പ്രഖ്യാപിക്കുകയും ചെയ്തു' എന്ന് ട്വീറ്റിൽ സൂചിപ്പിക്കുന്നുണ്ട്.
വീഡിയോയിൽ തുടക്കത്തിൽ കാണുന്നത് കുരങ്ങനെ മരം കയറ്റി വിടാൻ ശ്രമിക്കുന്ന ആളെയാണ്. എന്നാൽ, കുട്ടിക്കുരങ്ങന് അയാളെ വിട്ട് പോകാൻ മനസില്ല. അത് അയാളോട് ചേർന്ന് നിൽക്കുന്നു. ഒടുവിൽ അയാളുടെ പ്രോത്സാഹനത്തെ തുടർന്ന് കുരങ്ങൻ മരം കയറി ഓടിപ്പോകുന്നു.
നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടത്. ഹൃദയസ്പർശിയായ വീഡിയോ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
വീഡിയോ കാണാം: