
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്ന അനേകം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതുപോലെ ഒരു വീഡിയോ ആണ് ഇതും. ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിനിടയിൽ കുഞ്ഞ് കംഗാരുവിനെ രക്ഷിച്ചെടുക്കുന്ന പൊലീസുകാരാണ് വീഡിയോയിൽ.
വെള്ളപ്പൊക്കത്തെ തുടർന്ന് മുതലകൾ അടക്കമുള്ള വെള്ളത്തിൽ അകപ്പെട്ട് പോയതാണ് കംഗാരു. ക്വീൻസ്‍ലാൻഡ് പൊലീസ് അതിനെ രക്ഷിച്ചെടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. എത്ര ശ്രദ്ധയോടും കരുതലോടും കൂടിയാണ് പൊലീസ് വെള്ളത്തിൽ നിന്നും കംഗാരുവിനെ രക്ഷിച്ചെടുക്കുന്നത് എന്നതും വീഡിയോയിൽ കാണാം. ആദ്യം പൊലീസ് രക്ഷിക്കാൻ ശ്രമിക്കുമ്പോൾ കംഗാരു കുഞ്ഞ് ഭയന്നു പോകുന്നുണ്ട്. എന്നാൽ, അധികം വൈകാതെ തന്നെ അത് താൻ സുരക്ഷിതമായ കൈകളിലാണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നു.
ക്വീൻസ്‍ലാൻഡ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ബർക്ക്ടൗണിലാണ് സംഭവം. ഒരു ഹെലികോപ്റ്റർ പൈലറ്റാണ് വെള്ളത്തിൽ നിന്നും കംഗാരുവിനെ രക്ഷിച്ചെടുത്തത്. ആ സമയത്ത് കംഗാരു കുഞ്ഞിന്റെ തൊട്ടടുത്തായി രണ്ട് വലിയ മുതലകൾ ഉണ്ടായിരുന്നു എന്നും ട്വീറ്റിൽ പറയുന്നുണ്ട്. വെള്ളത്തിൽ എന്ത് അപകടവും പതിയിരിക്കുന്നുണ്ടായിരിക്കാം. അതൊന്നും ഗൗനിക്കാതെയാണ് ഉദ്യോഗസ്ഥൻ കംഗാരുവിനെ രക്ഷിച്ചത് എന്നും ട്വീറ്റിൽ പറയുന്നുണ്ട്.
അനവധിപ്പേരാണ് വീഡിയോ കണ്ടത്. വീഡിയോ കണ്ടവരെല്ലാം ക്വീൻസ്‍ലാൻഡ് പൊലീസിനെ പ്രശംസിച്ചു. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളിടുകയും വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. ഇന്നത്തെ കാലത്ത് നല്ല വാർത്തകൾ കാണുന്നത് വളരെ കുറവാണ്, അതിനാൽ തന്നെ ഇത്തരം വാർത്തകൾ കാണുന്നത് സന്തോഷമാണ് എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്വീൻസ്‍ലാൻഡിൽ കനത്ത വെള്ളപ്പൊക്കം തുടരുകയാണ്. മുതലകളുള്ള നദിയിൽ നിന്നും വെള്ളം നഗരത്തിലേക്ക് വ്യാപിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നിരവധിപ്പേരെ ഇവിടെ നിന്നും എയർലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.