
ഓട്ടോക്കാർ എപ്പോഴും വെറൈറ്റി തേടുന്നവരാണ്. ഓട്ടോയിൽ എഴുതിവച്ചിരിക്കുന്ന കൊച്ചുകൊച്ചു വാക്കുകൾ തന്നെയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. അതുപോലെ തന്നെ എപ്പോഴും സർപ്രൈസുകളും വെറൈറ്റികളും കാണാവുന്ന റോഡുകളാണ് ബെംഗളൂരുവിലേത്. ഇപ്പോഴിതാ, ബെംഗളൂരുവിലെ ഓട്ടോയിൽ നിന്നുള്ള ഒരു കാഴ്ചയാണ് ഒരു യാത്രക്കാരി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. യാത്രക്കാർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയ ഒരു ഓട്ടോറിക്ഷയാണ് വൈറലായിരിക്കുന്ന ഈ ഓട്ടോറിക്ഷ.
പൂർണ എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് ഈ രസകരമായ ഓട്ടോയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. സാധാരണ ഓട്ടോകളിൽ കാണാത്ത നിരവധി സവിശേഷതകൾ നമുക്ക് ഈ ഓട്ടോയിൽ കാണാം. അതിൽ ഒന്ന് വേനൽച്ചൂടിൽ നിന്ന് രക്ഷനേടാൻ വേണ്ടി വച്ചിരിക്കുന്ന പ്രത്യേക കർട്ടനുകളും ഫാനുമാണ്. അടുത്തതായി യാത്രയ്ക്കിടയിൽ ബോറടിക്കാതിരിക്കാൻ ഒരു ടിവി യൂണിറ്റ് തന്നെ ഓട്ടോയിൽ ഒരുക്കിയിട്ടുണ്ട്. അത് മാത്രമല്ല, ഫോൺ ചാർജ് ചെയ്യാൻ പ്രത്യേക പോർട്ടുകളും ഈ ഓട്ടോയിൽ ലഭ്യമാണ്. അതുപോലെ ഇനി നിങ്ങൾ വായിക്കാൻ താല്പര്യമുള്ളവരാണ് എങ്കിൽ വായിക്കാനായിട്ടുള്ള പുസ്തകങ്ങൾ വച്ചിരിക്കുന്ന ഒരു ചെറിയ ഇടവും ഓട്ടോയിൽ കാണാം.
ഇതിന് പുറമെ വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള പിന്തുണ അറിയിക്കുന്ന ബോർഡുകളും വച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി നിരവധിപ്പേർ രംഗത്തെത്തി. 'എന്റെ വാടകമുറിയിലുള്ളതിനേക്കാൾ സൗകര്യങ്ങൾ ഈ ഓട്ടോയിലുണ്ടല്ലോ' എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. 'ഈ ഓട്ടോ ഡ്രൈവർ ഇത്രയും സൗകര്യങ്ങൾ ഒരുക്കിയതല്ലേ ഫൈവ് സ്റ്റാർ റേറ്റിംഗ് തന്നെ നൽകണം' എന്നാണ് മറ്റ് ചിലർ കമന്റ് നൽകിയത്. എന്തായാലും, ഓട്ടോക്കാരന്റെ ചിന്താശക്തിയേയും കരുതലിനേയും ക്രിയേറ്റിവിറ്റിയെയും പുകഴ്ത്താൻ ആളുകൾ മറന്നില്ല.