ഗുരുഗ്രാമിലെ ആഡംബര ഫ്ലാറ്റിൽ വീട്ടുജോലിക്കാരിയെ തൊഴിലുടമ മർദിക്കുന്ന വീഡിയോ വൈറലായി. സംഭവത്തിൽ പോലീസ് ഇടപെട്ടെങ്കിലും, സ്വാധീനമുള്ള തൊഴിലുടമയെ ഭയന്ന് യുവതി പരാതി നൽകാൻ തയ്യാറായില്ലെന്ന് സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു.
ഗുരുഗ്രാമിലെ ആഡംബര റെസിഡൻഷ്യൽ സമുച്ചയത്തിൽ വീട്ടുജോലിക്കാരിയായ യുവതിയെ തൊഴിലുടമ മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സെക്ടർ 42 -ലെ ഡിഎൽഎഫ് മാഗ്നോളിയസിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ വീട്ടുടമയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദീപിക നാരായൺ ഭരദ്വാജ് രംഗത്തെത്തി.
മുടി പിടിച്ച് വലിച്ച്, മുഖത്ത് അടിച്ച്...
വൈറൽ വീഡിയോയിൽ അടുക്കളയെന്ന് തോന്നിക്കുന്ന സ്ഥലത്ത് നിൽക്കുന്ന വീട്ടുജോലിക്കാരിയുടെ അടുത്തേക്ക് വീട്ടുടമസ്ഥയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീ എത്തുന്നതും തുടർന്ന് യുവതിയെ ആവർത്തിച്ച് തള്ളുകയും മുടിയിൽ പിടിച്ച് വലിക്കുകയും മുഖത്ത് അടിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ജനലിലൂടെ രഹസ്യമായി ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയിൽ ചിത്രീകരിച്ചയാൾ, യുവതിയെ തൊഴിലുടമ നിരന്തരം പീഡിപ്പിക്കുന്നുവെന്നും യുവതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതായും പുറത്തുപോകാൻ അനുവദിക്കുന്നില്ലെന്നും ആരോപിക്കുന്നു.
വീട്ടുടമയ്ക്കെതിരെ പരാതി നൽകാതെ ജോലിക്കാരി
വീഡിയോ എക്‌സിൽ പങ്കുവെച്ച് ദീപിക ഭരദ്വാജ് ഗുരുഗ്രാം പൊലീസിനോടും ഹരിയാന പൊലീസിനോടും സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ടു. തുടർന്ന് അധികൃതരുമായി ബന്ധപ്പെട്ടതായും പൊലീസ് മാഗ്നോളിയസിലെ വീട്ടിലെത്തിയതായും അവർ തന്‍റെ കുറിപ്പിലെഴുതി. എന്നാൽ, വീട്ടുജോലിക്കാരി ഇതിനകം അവിടെനിന്ന് പോയെന്നും കേസ് നൽകാൻ താൽപര്യമില്ലെന്ന് എഴുതി നൽകിയെന്നുമാണ് ഭരദ്വാജ് പിന്നീട് അറിയിച്ചത്. മർദിച്ച സ്ത്രീ പ്രമുഖ മദ്യവ്യാപാരിയുടെ ഭാര്യയാണെന്നും അവർ കുറിപ്പിൽ പറയുന്നു. തൊഴിലുടമയുടെ സ്വാധീനത്തെക്കുറിച്ചുള്ള ഭയം കാരണം യുവതി പരാതി നൽകാൻ തയ്യാറാകാതിരുന്നതാണെന്നും ദീപിക ആരോപിച്ചു.
അതേസമയം, ദേഷ്യം വന്നപ്പോൾ മർദിക്കുകയായിരുന്നുവെന്നും ആരോ സംഭവം വീഡിയോയിൽ പകർത്തുകയായിരുന്നുവെന്നുമാണ് തൊഴിലുടമ പൊലീസിനോട് നൽകിയ വിശദീകരണമെന്നും ദീപിക എഴുതി. അതേസമയം സംഭവത്തിൽ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ല. വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യയിലെ വീട്ടുജോലിക്കാരുടെ സുരക്ഷയെ കുറിച്ചും സമ്പന്ന - ദരിദ്ര വിഭാഗങ്ങൾക്കിടയിലെ അധികാര അസമത്വത്തെ കുറിച്ചും നിരവധി പേരാണ് അഭിപ്രായങ്ങളെഴുതിയത്.


