എന്റമ്മോ, ഇതെന്തൊരു ചൂട്, രക്ഷ നേടാൻ തൊട്ടടുത്ത് ഹോട്ടലിൽ എസി മുറിയെടുത്ത് യുവതി

Published : Apr 21, 2026, 02:55 PM IST
viral

Synopsis

ബെംഗളൂരുവിലെ കത്തുന്ന ചൂടിൽ നിന്ന് രക്ഷപ്പെടാൻ ഒരു യുവതി കണ്ടെത്തിയ വഴിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീട്ടിലെ ചൂട് സഹിക്കാനാവാതെ തൊട്ടടുത്തുള്ള ഹോട്ടലിൽ എസി മുറി ബുക്ക് ചെയ്ത് ഒരു ദിവസം അവിടെ താമസിക്കുകയായിരുന്നു യുവതിയും കുടുംബവും.

കേരളത്തിൽ ചൂട് കൂടിക്കൂടി വരികയാണ്. നല്ല കാലാവസ്ഥയ്ക്ക് പേരുകേട്ട ബെം​ഗളൂരുവിലും അവസ്ഥ മറിച്ചല്ല. വേനൽ കടുത്തതോടെ എയർ കണ്ടീഷണറുകൾക്കും എയർ കൂളറുകൾക്കും വിപണിയിൽ വൻ ഡിമാൻഡാണ്. ഈ സാഹചര്യത്തിലാണ് പ്രിയ പാൽ എന്ന യുവതി വേനൽച്ചൂടിൽ നിന്നും രക്ഷനേടാൻ വ്യത്യസ്തമായ ഒരു വഴി കണ്ടെത്തിയത്. വേനൽമഴ പെയ്യുമെന്ന് പ്രതീക്ഷിച്ച് എസി വാങ്ങാത്ത ഒരുപാടുപേർ നമുക്കിടയിലുണ്ടാകും. അത് തന്നെയാണ് പ്രിയക്കും സംഭവിച്ചത്. ഒടുവിൽ എസി വാങ്ങാൻ തീരുമാനിച്ചപ്പോഴാകട്ടെ, സ്റ്റോക്കില്ലാത്തതിനാൽ ഡെലിവറി ലഭിക്കാൻ ഏഴ് ദിവസം കാത്തിരിക്കേണ്ടി വരും എന്ന മറുപടിയാണ് ലഭിച്ചത്. വാടകയ്ക്ക് കൂളറുകൾ കിട്ടാനില്ലാത്ത അവസ്ഥയും കൂടിയായതോടെ പ്രിയയും കുടുംബവും ആ ഒരു ദിവസത്തേക്ക് ഹോട്ടൽ മുറിയിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു.

എന്തായാലും, ചൂടിൽ നിന്നും രക്ഷ നേടാൻ ഹോട്ടൽമുറിയിൽ കഴിഞ്ഞ അനുഭവത്തിന് നിരവധിപ്പേരാണ് കമന്റുകളുമായി വന്നത്. അതിനുള്ള പണം വേണ്ടേ എന്നായിരുന്നു ചിലരുടെ ചോദ്യം. കറൻ‌റ് പോകുമ്പോൾ ഞാനും ഇതേ കുറിച്ച് ആലോചിക്കാറുണ്ട് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഏതായാലും പുറത്തൊന്നും ഇറങ്ങാതെ ഹോട്ടൽ മുറിയിലെ തണുപ്പിൽ നെറ്റ്ഫ്ലിക്സും കണ്ട് ചിൽ ചെയ്തിരുന്ന അനുഭവം നന്നായിരുന്നു എന്നാണ് പ്രിയ പറയുന്നത്.

അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. നിലവിൽ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ഈ മാസം 24 വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ കിട്ടിയേക്കും.

 

PREV
Read more Articles on
click me!

Recommended Stories

ഒരു കോടി മുടക്കി വാങ്ങിയ ഫ്ലാറ്റിന്റെ ഒരവസ്ഥ, അതീവ പരിതാപകരം; വീഡിയോയുമായി യുവാവ്
രാത്രി 11 മണി, തനിച്ചാണ്, കമന്റടികളോ ശല്ല്യം ചെയ്യലോ ഇല്ല, ഈ ന​ഗരം അത്ഭുതപ്പെടുത്തുന്നു; ഹൈദരാബാദിൽ നിന്നും യുവതി