പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ കുട്ടികൾ പോളിഷ് ദേശീയഗാനം ആലപിക്കുന്നതും, തുടർന്ന് പ്രധാനമന്ത്രി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതും വീഡിയോയിലുണ്ട്.

ഇന്ത്യയിൽ നിന്നുള്ള മനോഹരമായ പഴയൊരു ഓർമ്മ പങ്കുവെച്ച് പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്. അടുത്തിടെ നടത്തിയ ഇന്ത്യൻ സന്ദർശനത്തിനിടെ ബംഗളൂരുവിലെത്തിയ അദ്ദേഹം, 16 വർഷം മുമ്പ് താൻ നടത്തിയ വൈകാരികമായ ഒരു കൂടിക്കാഴ്ചയുടെ ഓർമ്മകളാണ് പങ്കുവെച്ചത്. ബംഗളൂരുവിലെ കാഴ്ചപരിമിതരായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ 16 വർഷം മുമ്പ് പോളിഷ് പ്രതിനിധി സംഘത്തോടൊപ്പം സന്ദർശനം നടത്തിയതിന്റെ വീഡിയോ അദ്ദേഹം 'എക്സ്' (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചു.

ഫ്രാൻസിസ്കൻ സിസ്റ്റേഴ്സിന്റെ (പോളണ്ടിൽ നിന്നുള്ള കന്യാസ്ത്രീകൾ ഉൾപ്പെടെ) നേതൃത്വത്തിൽ നടത്തുന്ന ഈ കേന്ദ്രത്തിലെ കുട്ടികൾ പോളണ്ടിന്റെ ദേശീയ ഗാനമായ 'മസൂർക്ക ദാബ്രോവ്സ്കിയോ' ആലപിച്ചപ്പോൾ അന്ന് തങ്ങളുടെയെല്ലാം കണ്ണുകൾ നിറഞ്ഞതായി അദ്ദേഹം കുറിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ കുട്ടികൾ പോളിഷ് ദേശീയഗാനം ആലപിക്കുന്നതും, തുടർന്ന് പ്രധാനമന്ത്രി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതും വീഡിയോയിലുണ്ട്. രാഷ്ട്രീയ കൂടിക്കാഴ്ചകളേക്കാൾ ഏറെ മനോഹരവും രസകരവുമാണ് ഈ സന്ദർശനമെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നുമുണ്ട്.

Scroll to load tweet…

തന്റെ ഇപ്പോഴത്തെ സന്ദർശനത്തിനിടെ അന്ന് കണ്ട കുട്ടികളെ ഡൊണാൾഡ് ടസ്ക് വീണ്ടും നേരിൽ കണ്ടു. 16 വർഷങ്ങൾക്കിപ്പുറവും അവർക്ക് പോളിഷ് ദേശീയഗാനത്തിലെ വരികൾ കൃത്യമായി ഓർമ്മയുണ്ടായിരുന്നു എന്നത് അദ്ദേഹത്തെ ഏറെ ആശ്ചര്യപ്പെടുത്തി. 'ഇന്നും ഞങ്ങൾ എല്ലാവരുടെയും കണ്ണുകൾ ഈ കണ്ടുമുട്ടലിൽ ഈറനണിഞ്ഞു' ടസ്ക് കുറിച്ചു.

ഒക്ടോബർ 21 മുതൽ 23 വരെയുള്ള തീയതികളിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ പോളിഷ് പ്രധാനമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.