
കോളേജ് കാന്റീൻ മിക്കവാറും ആളുകൾക്ക് വളരെ നൊസ്റ്റാൾജിക്കായിട്ടുള്ള ഒരിടമായിരിക്കും. അതുകൊണ്ട് തന്നെ കാന്റീനിലെ ജീവനക്കാരെ പലരും മറക്കാനിടയില്ല. എന്തിനേറെ പറയുന്നു, ക്ലാസ് മുറിയോടുള്ളതിനേക്കാളും ഇഷ്ടം കാന്റീനോട് കരുതി വയ്ക്കുന്നവരും ഇഷ്ടം പോലെയുണ്ട്. എന്തായാലും, അതുപോലെ മുംബൈയിലെ കേൽക്കർ കോളേജിൽ നടന്ന ഒരു ജന്മദിനാഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ്സ് കവരുന്നത്. സഹപാഠികൾക്കായി ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന പതിവിന് വിപരീതമായി, കോളേജ് കാന്റീനിലെ ജീവനക്കാരന് സർപ്രൈസായി ജന്മദിനാഘോഷം ഒരുക്കുകയായിരുന്നു ഒരുകൂട്ടം വിദ്യാർത്ഥികൾ.
അജിങ്ക്യ ഭുജ്ബൽ എന്ന യുവാവാണ് ഈ മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'പോവുന്നിടത്തെല്ലാം സന്തോഷം പകരുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ, വിദ്യാർത്ഥികൾ കാന്റീനിലെ ജീവനക്കാരനായ യുവാവിന് ചുറ്റും കൂടിനിന്ന് 'ഹാപ്പി ബർത്ത്‌ഡേ' പാടുന്നത് കാണാം. അപ്രതീക്ഷിതമായ ഈ കരുതൽ കണ്ട് സന്തോഷവും ആകാംക്ഷയും നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുകയാണ് യുവാവ്. 'ഞങ്ങൾ ഞങ്ങളുടെ കാന്റീൻ ബോയിയുടെ ജന്മദിനം ആഘോഷിച്ചു' എന്ന കുറിപ്പും വീഡിയോയിലുണ്ട്.
വീഡിയോ വൈറലായി മാറിയതോടെ അനേകങ്ങളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'എല്ലാവരും സ്നേഹിക്കുന്ന, ആരോടും വെറുപ്പില്ലാത്ത മനുഷ്യൻ' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഭീംരാജ് ശരിക്കും ഒരു ക്യൂട്ട് ആളാണ്' എന്നായിരുന്നു മറ്റൊരു കമന്റ്. 'ഈ കാന്റീനിൽ ഒരുപാട് ഓർമ്മകളുണ്ട്' എന്ന് പൂർവ്വ വിദ്യാർത്ഥികൾ കുറിച്ചു. 'നിങ്ങൾ ശരിക്കും അദ്ദേഹത്തിന്റെ ദിവസം മനോഹരമാക്കി' എന്നും 'അഭിമാനം തോന്നുന്ന നിമിഷം' എന്നും കമന്റ് നൽകിയവരും ഉണ്ട്. എന്തായാലും നെറ്റിസണ്‍സില്‍ തങ്ങളുടെ കോളേജിന്‍റെയും കോളേജ് കാന്‍റീനിന്‍റേയും മധുരമുള്ള ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്നതായി വീഡിയോ എന്ന കാര്യത്തില്‍ സംശയമില്ല.