
242 പേരുമായി അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലാഭായി പട്ടേൽ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ ജനവാസ മേഖലയിലേക്ക് എയര്‍ ഇന്ത്യാ വിമാനം തകര്‍ന്ന് വീണയുടനെ ആകാശം മുട്ട കറുത്ത പുകയുയര്‍ന്നു. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രയായതിനാല്‍ വിമാനത്തില്‍ ഇന്ധനം നിറച്ച് ഉണ്ടായിരുന്നത് അപകടത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിച്ചു. അതോടൊപ്പം വിമാനം ജനവാസമേഖലയിലേക്ക് വീണതും അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. വിമാനം തകർന്ന് വീണതിന് പിന്നാലെ എക്സ്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ നൂറ് കണക്കിന് വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്.
വീഡിയോകളില്‍ ആകാശം മുട്ടെയുയരുന്ന പുകയും പിന്നാലെ ഒരു തീഗോളവും കാണാം. അഹമ്മദാബാദ് എയര്‍പോര്‍ട്ടിന്‍റെ റണ്‍വേയ്ക്ക് മുന്നിലുള്ള ജനവാസ മേഖലയായ മേഘനിനഗറിലെ കെട്ടിടങ്ങൾക്ക് മുകളിലാണ് വിമാനം തകര്‍ന്ന് വീണത്. സാധാരണക്കാരായ ആളുകൾ തിങ്ങിപ്പാര്‍ക്കുന്ന ജനവാസ മേഖലയാണ് ഇവിടം. അപകടം നടന്നയുടനെ പ്രദേശത്തെ ഫയര്‍ഫോസ് യൂണിറ്റുകൾ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നെന്ന് അഗ്നിശമന ഉദ്യോഗസ്ഥനായ ജയേഷ് ഖാദിയ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് (12.6.'25) ഉച്ചയ്ക്ക് 1.38 ഓടെയാണ് വിമാനം സര്‍ദാര്‍ വല്ലാഭായി പട്ടേൽ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്നതെന്നും അഞ്ച് മിനിറ്റിനുള്ളില്‍ അത് തകർന്ന് വീഴുകയായിരുന്നെന്നും സിവിൽ ഏവിയേഷന്‍ ഡയറക്ടര്‍ ജനറൽ ഫായിസ് അഹമ്മദ് കിദ്വായി അറിയിച്ചു. ബോയിംഗ് നിര്‍മ്മിച്ച എയര്‍ ഇന്ത്യയുടെ ബി787 എയര്‍ക്രാഫ്റ്റ് വിടി എഎന്‍ബി എന്ന ഫ്ലൈറ്റ് എഐ 171 ആണ് തകര്‍ന്ന് വീണത്. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലെ ഗാറ്റ്വിക്കിലേക്കാണ് വിമാനം പോകേണ്ടിയിരുന്നത്. 232 യാത്രക്കാരും 2 പൈല്റ്റുകളും 10 ക്യാബിന്‍ ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ജനവാസ മേഖലയിലേക്ക് വീണതിനാല്‍ മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വിമാനം തകർന്ന് വീണത് ബിജെ മെഡിക്കല്‍ കോളേജിന്‍റെ യുജി ഹോസ്റ്റല്‍ മെസിന് മുകളിലേക്കാണെന്നും നിരവധി വിദ്യാര്‍ത്ഥികൾ ഉച്ചഭക്ഷണത്തിനായി ഈ സമയം ഹോസ്റ്റലില്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.