
ആഡംബര കാറായ ലംബോർഗിനി കണ്ട് അമ്പരന്നു നോക്കിയ ഒരു കുട്ടിക്ക് മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ചിരിക്കുകയാണ് ഒരു യുവ വ്യവസായി. നിശാന്ത് സാബൂ എന്ന വ്യവസായിയാണ് ഈ മനോഹരമായ നിമിഷങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നിശാന്ത് സാബൂ തന്റെ ലംബോർഗിനി ഓടിച്ചു പോകുമ്പോഴാണ് സ്കൂട്ടറിൽ അമ്മയോടൊപ്പം പോകുന്ന ഒരു കുട്ടിയെ ശ്രദ്ധിച്ചത്. റോഡിലൂടെ പോവുകയായിരുന്ന ലംബോർഗിനി കണ്ട് കുട്ടി ആവേശഭരിതനാവുകയും കണ്ണെടുക്കാതെ കാറിനെ നോക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ കൗതുകം കണ്ട നിശാന്ത്, അവന് ഒരു സർപ്രൈസ് നൽകാൻ തീരുമാനിച്ചു.
കുട്ടിക്ക് കാറിൽ ഒരു റൈഡ് നൽകാമെന്ന് നിശാന്ത് പറഞ്ഞു. എന്നാൽ, അവന് ചെറിയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാറിനുള്ളിൽ ഒന്ന് ഇരിക്കണമെന്നും ഒരു ഫോട്ടോ എടുക്കണമെന്നും. നിശാന്ത് ഉടൻ തന്നെ കാറിന്റെ ഡോർ തുറന്നു കൊടുക്കുകയും കുട്ടിയെ അകത്ത് ഇരുത്തുകയും ചെയ്തു.
'സ്കൂട്ടറിൽ അമ്മയോടൊപ്പം പോവുകയായിരുന്ന ഈ കുട്ടി എന്റെ ലംബോർഗിനി കണ്ട് വലിയ ആവേശത്തിലായി. ഞാൻ അവന് ഒരു റൈഡ് വാഗ്ദാനം ചെയ്തെങ്കിലും അവന് കാറിനുള്ളിൽ ഇരിക്കാനും ഒരു ഫോട്ടോ എടുക്കാനും മാത്രമായിരുന്നു ഇഷ്ടം. അവന്റെ ആ സ്വപ്നം ഞാൻ സാധിച്ചു കൊടുത്തു. അടുത്ത തവണ കാണുമ്പോൾ തീർച്ചയായും അവനെ കാറിൽ കറങ്ങാൻ കൊണ്ടുപോകും' എന്നാണ് നിശാന്ത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. കുട്ടിയുടെ മുഖത്തെ നിഷ്കളങ്കമായ ചിരിയും നിശാന്തിന്റെ വലിയ മനസ്സിനെയും പുകഴ്ത്തി നിരവധി പേരാണ് കമന്റ് നൽകിയത്. 'ചെറിയൊരു പ്രവർത്തി ഒരു കുട്ടിയുടെ ലോകം തന്നെ മാറ്റിമറിക്കും' എന്ന് ഒരാൾ കുറിച്ചു. 'ആ കുട്ടി ജീവിതകാലം മുഴുവൻ ഓർത്തുവെക്കുന്ന ഒന്നായിരിക്കും ഈ നിമിഷം' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.