
നിങ്ങൾക്ക് കടുവയെ പേടിയാണോ? കടുവയുടെ എത്ര അടുത്ത് വരെ നിങ്ങൾ പോകും. ഒരു കടുവയെ ഒരു പട്ടിയേയോ പൂച്ചയേയോ പോലെ നടത്താൻ കൊണ്ടുപോകാൻ നിങ്ങൾക്ക് സാധിക്കുമോ? പറ്റില്ല അല്ലേ? എന്നാൽ, വെറും 10 വയസ്സിൽ താഴെ മാത്രം പ്രായം തോന്നുന്ന ഒരു ബാലൻ ഒരു കടുവയേയും ചങ്ങലയ്ക്കിട്ട് നടത്തുന്ന ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
വീഡിയോയിൽ ഒരു കടുവയെ കാണാം. കടുവയുടെ കഴുത്തിൽ ഒരു ചങ്ങലയുമുണ്ട്. ആ ചങ്ങലയിൽ പിടിച്ച് നടക്കുകയാണ് ഒരു ബാലൻ. നമ്മുടെ വീട്ടിലെ അരുമയായ വളർത്തുമൃഗങ്ങളെ നാം നടത്താൻ കൊണ്ടുപോകുന്ന ലാഘവത്തിലാണ് കുട്ടി ആ കടുവയുമായി നടക്കുന്നത്. അവന്റെ മുഖത്ത് വലിയ സങ്കോചമോ ഭയമോ ഒന്നും കാണാനും ഇല്ല. എന്നാൽ, ഒറ്റനിമിഷം കൊണ്ട് വളരെ കൂളായി നിന്ന അന്തരീക്ഷം ആകെ മാറുകയാണ്. കടുവ ഒന്ന് കുതറി, കുട്ടിയുടെ കയ്യിൽ നിന്നും ചങ്ങല താഴെ വീണു. പിന്നാലെ കടുവ അവനെ അക്രമിക്കാൻ എന്നോണം ഒന്ന് തിരിയുന്നതും കാണാം. ഇത് കണ്ട കുട്ടി ആകെ ഭയന്നു പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
പ്രതീക്ഷിക്കാത്തത് സംഭവിച്ചതിന് പിന്നാലെ കുട്ടി ആകപ്പാടെ ഭയന്നു. അവൻ അവിടെ നിന്നും ഓടി അകലുന്നതും കാണാം. എന്നാൽ, ഉടനെ തന്നെ കടുവയെ പരിചരിക്കുന്നയാളെന്ന് തോന്നുന്ന ഒരാൾ അവിടേക്ക് വരികയും കടുവയെ വടി കാണിച്ച് ഭയപ്പെടുത്തുകയും ചെയ്യുകയാണ്. കടുവ അപ്പോൾ ഒന്ന് അടങ്ങുന്നുണ്ട്.
ലാഹോറിൽ നിന്നുള്ള ഡിജിറ്റൽ ക്രിയേറ്ററായ നൗമാൻ ഹസ്സനാണ് ഈ ക്ലിപ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കടുവ ഒരു വന്യമൃഗമാണ്. തീരെ ചെറിയ ഒരു കുട്ടിയെ എങ്ങനെയാണ് നിങ്ങൾക്ക് അതിന്റെ അടുത്ത് വിടാൻ തോന്നുന്നത് എന്ന് ചോദിച്ചവർ ഒട്ടും കുറവല്ല. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് മനുഷ്യർ. പ്രത്യേകിച്ചും ലൈക്കിനും ഷെയറിനും വേണ്ടി എന്ത് റിസ്കും അവരെടുക്കും എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം