
ഈ ലോകത്ത് മനുഷ്യരുടെ ജീവന് അപകടമുണ്ടാക്കുന്ന ഒരുപാട് ജന്തുജാലങ്ങളും സസ്യജാലങ്ങളും ഉണ്ട്. എന്നാൽ, പലതും നമുക്കറിയാതെ മറഞ്ഞിരിക്കയാവാം. അതുപോലെ, ഒരു ബ്രിട്ടീഷ് ടൂറിസ്റ്റ് കടന്നുപോയത് അത്യന്തം ഭീതിദമായ ഒരു അവസ്ഥയിലൂടെയാണ്. ഫിലിപ്പീൻസിൽ സന്ദർശനത്തിനെത്തിയതായിരുന്നു യുവാവ്. ആ സമയത്താണ് കളർഫുള്ളായിട്ടുള്ള, സുന്ദരമായ ഒരു നീരാളിയെ കാണുന്നത്. അത് അപകടകാരിയാണ് എന്ന് അറിയാതെ അതിനെ യുവാവ് കയ്യിലെടുക്കുകയും ചെയ്തു. അത് നീന്തിപ്പോകാൻ ശ്രമിക്കുമ്പോഴൊക്കെയും ആൻഡി മക്കോണൽ എന്ന ഈ സഞ്ചാരി അതിനെ മുറുക്കെ പിടിക്കാൻ നോക്കുകയായിരുന്നു.
ഇതിനെ ഞാൻ നേരത്തെ കണ്ടിട്ടേയില്ല എന്ന് പറഞ്ഞുകൊണ്ടാണ് അത്യന്തം കൗതുകത്തോടെ ആൻഡി നീരാളിയെ കയ്യിലെടുക്കുന്നതും നോക്കുന്നതും എല്ലാം. അപ്പോഴൊന്നും അതിന്റെ അപകടത്തെ കുറിച്ച് യുവാവ് ബോധവാനല്ല. എന്നാൽ, കോളിൻ റഗ് എന്ന യൂസർ എക്സിൽ (മുമ്പ് ട്വിറ്റർ) ഷെയർ ചെയ്തതിന് ശേഷമാണ് വീഡിയോ വൈറലായി മാറിയത്. 'ഫിലിപ്പീൻസിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടയിൽ ബ്രിട്ടീഷ് യുവാവ് അറിയാതെ ലോകത്തിലെ ഏറ്റവും മാരകമായ നീരാളിയെ കൈകാര്യം ചെയ്യുന്നു' എന്നാണ് റഗ് വീഡിയോയ്ക്കൊപ്പം എഴുതിയിരിക്കുന്നത്. മാരകമായ വിഷത്തിന് പേരുകേട്ട നീല വളയമുള്ള നീരാളിയാണ് (blue-ringed octopus) ഇത് എന്ന് വിദഗ്ധരും വീഡിയോ കണ്ടവരിൽ പലരും പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.
ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ സയൻസ് പറയുന്നത് പ്രകാരം വളരെ മനോഹരമായി തോന്നുന്ന നീരാളിയാണ് ഇത്. എന്നാൽ, അതിന്റെ ശരീരത്തിൽ നിന്നും വിഷം വമിക്കുമ്പോഴാണ് അവ കൂടുതൽ നീലയായി കാണുന്നത്. അതേസമയം, പിന്നീട്, ആൻഡിയും താൻ എടുത്ത റിസ്കിനെ കുറിച്ച് ബോധവാനായി. തനിയെ യാത്ര ചെയ്യുന്ന ഒരാളെന്ന നിലയിൽ വീട്ടിൽ നിന്നും വളരെ അകലെ എത്തുമ്പോൾ പലതരം സാഹസികതകളും അപകടങ്ങളും ഒക്കെ ഉണ്ടായേക്കാം. എന്നാൽ, ഇതുപോലെ മരണത്തെ അടുത്തു കണ്ട മറ്റൊരു നിമിഷമില്ല എന്നാണ് ആൻഡി പറയുന്നത്. ലോകത്തിലേക്കും വച്ച് ഏറ്റവും വിഷമുള്ള ജീവികളിലൊന്നാണ് ഇത് എന്നും ആൻഡി പറയുന്നു.