
സോഷ്യൽ മീഡിയ വളരെ സജീവമായ കാലമാണിത്. അതുപോലെ തന്നെ മിക്കവരുടെ കയ്യിലും മൊബൈൽ ഫോണും ഉണ്ട്. അതിനാൽ തന്നെ പല സംഭവങ്ങളുടെയും വീഡിയോകളും പകർത്തപ്പെടും. അതെല്ലാം സോഷ്യൽ മീഡിയയിൽ മിക്കവാറും ഷെയർ ചെയ്യപ്പെടാറുമുണ്ട്. അതുപോലെ ഒരു പരിപാടിക്കിടെ നടന്ന തികച്ചും അപ്രതീക്ഷിതമായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
കുടുംബസംഗമം പോലെ എന്തോ ആഘോഷം നടന്നു കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് വീഡിയോയിൽ കാണുന്നത്. നിറയെ അതിഥികൾ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് അവിടെ നിൽക്കുന്നത് കാണാം. ചിലർ നൃത്തം ചെയ്യുന്നത് കാണാം. മൊത്തത്തിൽ ആഘോഷം നന്നായി നടന്നു കൊണ്ടിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അതിഥിയേയും ആളുകളുടെ കൂട്ടത്തിൽ കാണാം. അത് ഒരു കാളയാണ്. അതിഥികൾക്കിടയിൽ കെട്ടിയിട്ടതായിട്ടാണ് കാളയെ കാണുന്നത്.
എന്നാൽ, പെട്ടെന്ന് കാള കെട്ടുപൊട്ടിച്ച് അതിഥികൾക്കിടയിൽ കുതിച്ച് പായുന്നതാണ് വീഡിയോയിൽ കാണുന്നത്. അതോടെ അതിഥികൾ പരക്കം പായുന്നത് കാണാം. അതിഥികളെല്ലാവരും ഭയന്ന് പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതെങ്ങനെയെങ്കിലും പുറത്തേക്ക് പോകും എന്നാണ് എല്ലാവരും കരുതുന്നത് എങ്കിലും അത് പാഞ്ഞ് സ്റ്റേജിലേക്ക് കയറുന്നതാണ് പിന്നെ കാണുന്നത്. അപ്പോഴേക്കും അതിഥികളെല്ലാം നാലുപാടും പാഞ്ഞു കഴിഞ്ഞു.
എന്തായാലും വീഡിയോ അവസാനിക്കുമ്പോൾ കാണുന്നത് കാളയെ ശാന്തമാക്കി നിർത്തിയിരിക്കുന്നതാണ്. അത് പിന്നീട് വീണ്ടും ഇടഞ്ഞോ എന്ന കാര്യമറിയില്ല. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
അവിടെ നിന്നിരുന്ന ഒരു സ്ത്രീയാണ് കാളയെ പ്രകോപിപ്പിച്ചത് എന്ന് കമന്റ് നൽകിയവരുണ്ട്. അവർ കാളയ്ക്ക് അടിയിൽ കിടന്നിരുന്ന കാശ് എടുക്കാൻ ശ്രമിച്ചു എന്നും അതാണ് കാളയെ പ്രകോപിപ്പിച്ചത് എന്നുമായിരുന്നു ആ കമന്റുകൾ. മറ്റ് ചിലരൊക്കെ രസകരമായ കമന്റുകളാണ് നൽകിയിരിക്കുന്നത്.