
പേടിച്ച് വിറച്ചിരിക്കുന്ന സിംഹത്തെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കാണാൻ സാധ്യതയില്ല. കഴിഞ്ഞ ദിവസം വൈറലായ സ്കൈ ഡൈവിംഗ് നടത്തുന്ന സിംഹത്തിന്‍റെ വീഡിയോയിലും അത്ര പേടിയൊന്നും സിംഹത്തിന്‍റെ മുഖത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നെറ്റിസൺസിനിടയിൽ ഒരു സംശയവും ഉയർന്നു. സിംഹം ഒറിജിനലാണോ അതോ വ്യാജനോ? എഐ സിംഹമാണോ കക്ഷി എന്നതായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിലെ പ്രധാന തർക്ക വിഷയം.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഒരാഴ്ച കൊണ്ട് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്. ഒരു മനുഷ്യനെ പുറത്ത് കയറ്റി ഇരുത്തിക്കൊണ്ട് സ്കൈ ഡൈവിംഗ് നടത്തുന്ന സിംഹത്തിന്‍റെ വീഡിയോ ആയിരുന്നു അത്. ആകാശത്തിലൂടെ പറന്ന് താഴേക്ക് വരുമ്പോൾ സിംഹത്തിന്‍റെ മുഖത്ത് യാതൊരു വിധത്തിലുള്ള ഭയമോ പരിഭ്രാന്തിയോ ഉണ്ടായിരുന്നില്ല. തീർത്തും ശാന്തനായായിരുന്ന് അവന്‍ ആകാശ കാഴ്ചകൾ ആസ്വദിച്ചു. ട്രാവലിംഗ് ഡോട്ട് ഷില്ലോംഗ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ ആണ് ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
വീഡിയോ വളരെ വേഗത്തിൽ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും കാഴ്ചക്കാരുടെ ഭാഗത്ത് നിന്നും നിരവധി സംശയങ്ങളാണ് ഉയർന്നത്. ഇത്തരത്തിൽ ഒരു അപകടകരമായ കാര്യം ആരെങ്കിലും ചെയ്യുമോയെന്നും എന്തിനാണ് ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്യുന്നതെന്നും അടക്കമുള്ള ചോദ്യങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായി. കൂടാതെ ഭാവ വ്യത്യാസമൊന്നുമില്ലാതെയുള്ള സിംഹത്തിന്‍റെ ഇരിപ്പും കാഴ്ചക്കാരിൽ സംശയമുണർത്തി.
ഇതൊരു യഥാർത്ഥ വീഡിയോ ആകാനുള്ള സാധ്യത കുറവാണെന്നും എഐ നിർമ്മിതമാണെന്നുമാണ് സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. അതോടൊപ്പം തന്നെ എഐ വീഡിയോയും യഥാർത്ഥ വീഡിയോയും തമ്മിൽ തിരിച്ചറിയാൻ പറ്റാതെ വരുന്നതിന്‍റെ അപകടാവസ്ഥയെക്കുറിച്ചും നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം ഇതേ അക്കൗണ്ടില്‍ നിന്നും കുതിരകളെയും കൊണ്ട് പാരാച്യൂട്ടില്‍ പറക്കുന്ന വീഡിയോകളും നേരത്തെ പങ്കുവയ്ക്കപ്പെട്ടിരുന്നു.