
ദീർഘദൂര യാത്രയ്ക്കിടെ അമിതമായി ക്ഷീണിച്ച ക്യാബ് ഡ്രൈവറോട് യാത്ര തുടരാൻ ആവശ്യപ്പെടാതെ, ഡ്രൈവറുടെ സുരക്ഷ കണക്കിലെടുത്ത് യാത്രക്കാരൻ തന്നെ സ്റ്റിയറിങ് ഏറ്റെടുത്ത സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നു. നോയിഡയിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള യാത്രയ്ക്കിടെയാണ് മനുഷ്യത്വപരമായ ഈ ഇടപെടൽ നടന്നത്.
ശിവം മിശ്ര എന്ന യാത്രക്കാരനാണ് ക്യാബ് ഡ്രൈവറുടെ അവസ്ഥ മനസിലാക്കി വ്യത്യസ്തമായ തീരുമാനം എടുത്തത്. ഡേവിഡ് എന്ന പേരിൽ ഇൻസ്റ്റഗ്രാമിലും അറിയപ്പെടുന്ന മിശ്ര, ലഖ്‌നൗവിലേക്ക് പോകുന്നതിനായി ക്യാബ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, ഡ്രൈവർ തലേദിവസം മുതൽ തുടർച്ചയായി വാഹനം ഓടിച്ച് വരികയാണെന്നും കടുത്ത ക്ഷീണത്തിലാണെന്നും മിശ്ര ശ്രദ്ധിച്ചു. യാത്രക്കാരനെന്ന നിലയിൽ “ക്യാബ് ബുക്ക് ചെയ്തതിനാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ഡ്രൈവ് ചെയ്യണം” എന്ന് നിർബന്ധിക്കുന്നതിന് പകരം, മിശ്ര കാബ് ഡ്രൈവറെ വിശ്രമിക്കാൻ അനുവദിച്ചു.
തുടർന്ന് അദ്ദേഹം തന്നെ വാഹനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ഡ്രൈവറെ പിൻസീറ്റിൽ ഉറങ്ങാൻ അനുവദിച്ച് കൊണ്ടായിരുന്നു പിന്നീടുള്ള യാത്ര. മിശ്രയുടെ സഹോദരനും അദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്നു. വാഹനം ഓടിക്കുന്നതിനിടെ മിശ്ര തന്നെയാണ് സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. നോയിഡ - ലഖ്‌നൗ ഹൈവേയിലൂടെ മിശ്ര വാഹനം ഓടിക്കുന്നതും പിന്നിൽ ഡ്രൈവർ ഉറങ്ങുന്നതും വീഡിയോയിൽ കാണാം. ഡ്രൈവറോട് ദേഷ്യപ്പെടുന്നതിന് പകരം ഈ അനുഭവത്തെ ഒരു വ്യത്യസ്തമായ യാത്രയായി കാണാൻ തീരുമാനിച്ചതായും മിശ്ര വീഡിയോയിൽ പറയുന്നു.
വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് മിശ്രയുടെ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ക്ഷീണിതനായ ഡ്രൈവറെ നിർബന്ധിച്ച് വാഹനം ഓടിക്കുന്നതിനേക്കാൾ അദ്ദേഹത്തിന് വിശ്രമിക്കാൻ അവസരം നൽകിയത് സുരക്ഷിതവും കരുതലോടെയുള്ള തീരുമാനവുമാണെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പ്രതികരണം. ദീർഘനേരം വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് വിശ്രമം ആവശ്യമാണെന്നും അത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറെ പ്രധാനമാണെന്നും നിരവധി പേർ കുറിച്ചു.