
അറേഞ്ച്ഡ് മാര്യേജിലൂടെ വരനെ തേടിയ കൂട്ടുകാരിക്ക് നേരിടേണ്ടി വന്ന മൂന്ന് വിഷകരമായ സംഭവങ്ങൾ പങ്കുവച്ച് യുവതിയുടെ വീഡിയോ. വരന്‍റെ കുടുംബം ചോദിച്ച മൂന്ന് ചോദ്യങ്ങളെ കുറിച്ചാണ് നിധി എന്ന യൂട്യൂബർ വിശദമാക്കിയത്. കാർഡിയാക് സർജനായി ജോലിയിൽ പ്രവേശിക്കാൻ പോകുന്ന തന്‍റെ സുഹൃത്തിനോട് വരന്‍റെ വീട്ടുകാർ ചോദിച്ച ഒരു ചോദ്യം '30 പേർക്ക് ഭക്ഷണം പാകം ചെയ്ത് വിളമ്പാൻ പറ്റുമോ' എന്നാണെന്ന് നിധി പറയുന്നു. മകന് പാചകമോ വീട്ടുജോലികളോ ചെയ്യാൻ അറിയില്ലെന്നും വരന്‍റെ കുടുംബം പെണ്‍കുട്ടിയോട് പറഞ്ഞു. അതോടെ ആ ആലോചന അവിടെ അവസാനിച്ചു.
മറ്റൊരു ആലോചന വേണ്ടെന്ന് വച്ചത് യുവാവിന്‍റെ വീട്ടുകാർ തന്നെയാണെന്ന് നിധി പറയുന്നു. കാർഡിയാക് സർജൻ ഒറ്റ മകൾ ആയതിനാൽ ഭാവിയിൽ മാതാപിതാക്കളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടി വരുമല്ലോ എന്ന് കരുതിയാണത്രേ ആ ആലോചന യുവാവിന്‍റെ വീട്ടുകാർ വേണ്ടെന്നുവച്ചത്. ആലോചനയുമായി വന്ന മറ്റൊരു യുവാവ് ആവശ്യപ്പെട്ടത് ഈ കല്യാണം നടക്കണമെങ്കിൽ യുവതി ടാറ്റു മായ്ക്കണം എന്നാണത്രേ. ഈ മൂന്ന് ആലോചനകളും കാർഡിയാക് സർജനായ യുവതി നിരസിച്ചെന്നും നിധി വീഡിയോയിൽ പറയുന്നു.
വീഡിയോയ്ക്ക് താഴെ നിരവധി പേർ കമന്‍റുകളുമായെത്തി. 'വിവാഹം എന്നത് ഇന്നത്തെ കാലത്ത് ഒരു പരാജയപ്പെട്ട ആശയമാണ്' എന്നാണ് ഒരു കമന്‍റ്. 'ഇങ്ങനെയാണെങ്കിൽ അവിവാഹിതരായി തുടരുക, സമ്പാദിക്കുക, ജീവിതം ആസ്വദിക്കുക, നിങ്ങളുടെ സഹായം ആവശ്യമുള്ളവരെ സഹായിക്കുക' എന്നാണ് മറ്റൊരു കമന്‍റ്.
മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന ഒരാൾ കുറിച്ചത് ഡോക്ടർ ഡോക്ടറെ വിവാഹം കഴിച്ചാൽ പോലും ഇത്തരം പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു എന്നാണ്. വധുവിന്‍റെ ജോലി പ്രധാനമാണെന്ന് വരന്‍റെ കുടുംബം പലപ്പോഴും കരുതുന്നില്ല. വധു വരന്‍റെ മാതാപിതാക്കളോടൊപ്പം താമസിക്കണമെന്ന് ശഠിക്കുന്നു, പക്ഷേ വധു അവളുടെ മാതാപിതാക്കളുടെ കൂടെ നിൽക്കുന്നത് പലർക്കും താത്പര്യമില്ല എന്നാണ് കമന്‍റ്. വിവാഹത്തിന് തിരക്കുകൂട്ടേണ്ട കാര്യമില്ലെന്നും കുറച്ച് വൈകിയാലും നല്ല പങ്കാളിയെ തന്നെ തെരഞ്ഞെടുക്കൂ എന്നുമാണ് മറ്റൊരു അഭിപ്രായം. വിവാഹം കഴിഞ്ഞ് കരയുന്നതിനേക്കാൾ നല്ലത് വിവാഹം വൈകുന്നതാണെന്നാണ് മറ്റൊരു കമന്‍റ്.