
ടെസ്‌ലയുടെ 'ഫുൾ സെൽഫ് ഡ്രൈവിംഗ്' സാങ്കേതികവിദ്യ ഓൺ ചെയ്ത്, ഹൈവേയിലൂടെയുള്ള യാത്രയ്ക്കിടയിൽ ഊബർ ഡ്രൈവർ സുഖമായി ഉറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സ്വയം നിയന്ത്രിത വണ്ടികളുടെ സുരക്ഷയെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചുമുള്ള വലിയൊരു ചർച്ചയ്ക്കാണ് ഈ വീഡിയോ തുടക്കമിട്ടിരിക്കുന്നത്. യു.എസിലെ @boostedboikyle എന്ന എക്സ് യൂസറാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. 20 മിനിറ്റ് നീണ്ട ഹൈവേ യാത്രയിലുടനീളം ഡ്രൈവർ ഉറക്കത്തിലായിരുന്നുവെന്നും, എന്നാൽ ടെസ്‌ല കാർ യാതൊരു അപകടവുമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചുവെന്നും ഇയാൾ അവകാശപ്പെടുന്നു.
'എന്നെ കൂട്ടിക്കൊണ്ടുപോകാൻ വന്നത് ഊബർ ടെസ്‌ല കാറായിരുന്നു. ഹൈവേയിൽ വെച്ച് ഡ്രൈവർ ഉറങ്ങിപ്പോയി. എനിക്ക് ടെസ്‌ലയുടെ 'ഫുൾ സെൽഫ് ഡ്രൈവിംഗ്' ഫീച്ചറിൽ നല്ല വിശ്വാസമുള്ളതുകൊണ്ട് ഞാൻ ഭയപ്പെട്ടില്ല. കാർ കൃത്യമായി എക്സിറ്റ് എടുക്കുകയും എന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്തു. 20 മിനിറ്റ് നീണ്ട യാത്രയുടെ 90 ശതമാനം സമയവും പുള്ളി നല്ല ഉറക്കത്തിലായിരുന്നു' യാത്രക്കാരൻ കുറിച്ചു.
ബെൻസൺ ബൂണിന്റെ 'ബ്യൂട്ടിഫുൾ തിങ്സ്' എന്ന പാട്ടും പശ്ചാത്തലത്തിൽ കേൾപ്പിച്ചു കൊണ്ട്, ടെസ്‌ല കാർ ഹൈവേയിലൂടെ സുഗമമായി മുന്നോട്ട് പോകുന്നതാണ് വീഡിയോയിലുള്ളത്. കാറിന്റെ നാവിഗേഷൻ സ്ക്രീൻ, വേഗത, എത്തുന്ന സമയം എന്നിവയും വീഡിയോയിൽ വ്യക്തമായി കാണാം. വീഡിയോ വൈറലായതോടെ ഡ്രൈവറുടെ അശ്രദ്ധയെ രൂക്ഷമായി വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തി. ടെസ്‌ലയുടെ സാങ്കേതികവിദ്യയെ അമിതമായി വിശ്വസിക്കുന്നത് അപകടമാണെന്നും ഡ്രൈവർക്ക് 'വൺ സ്റ്റാർ' റേറ്റിംഗ് നൽകണമെന്നാണ് പലരുടെയും അഭിപ്രായം.
'സാങ്കേതികവിദ്യ കൊള്ളാം, പക്ഷേ ഡ്രൈവർക്ക് വൺ സ്റ്റാർ റേറ്റിംഗ് മാത്രമേ കൊടുക്കാവൂ. എപ്പോൾ വേണമെങ്കിലും നിയന്ത്രണം ഏറ്റെടുക്കാൻ തയ്യാറായിരിക്കണം എന്ന് ടെസ്‌ല കൃത്യമായി പറയുന്നുണ്ട്' എന്ന് ഒരു ഉപയോക്താവ് കുറിച്ചു. ഉറക്കത്തിൽ നിന്ന് പെട്ടെന്ന് ഉണരുന്ന ഡ്രൈവർ ഭയന്ന് സ്റ്റിയറിംഗ് പെട്ടെന്ന് വെട്ടിച്ചാൽ ഉണ്ടാകാനിടയുള്ള അപകടത്തെക്കുറിച്ചും ചിലർ ആശങ്ക പ്രകടിപ്പിച്ചു. ഡ്രൈവർ ഇല്ലാത്ത റോബോടാക്സികളെയാണ് ഇതിലും വിശ്വസിക്കാൻ കൊള്ളുകയെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, ഈ സംഭവം ടെസ്‌ലയുടെ സാങ്കേതികവിദ്യ എത്രത്തോളം മികച്ചതാണെന്നതിന്റെ തെളിവാണെന്നാണ് മറ്റ് ചിലർ വാദിക്കുന്നത്.