മഹാരാഷ്ട്രയിൽ ദാഹിച്ചുവലഞ്ഞ ഒരു കുരങ്ങൻ വെള്ളത്തിനായി ബസ് തടഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളെ വേദനിപ്പിക്കുന്നത്. ഒടുവില്‍ യാത്രക്കാർ അതിന് വെള്ളം നല്‍കുകയായിരുന്നു. അതോടെ, വെള്ളത്തിനായി കൂടുതൽ കുരങ്ങന്മാർ സ്ഥലത്തെത്തി.

അത്യുഷ്ണവും ജലക്ഷാമവും വന്യജീവികളുടെ ജീവിതം എത്രത്തോളം ദുസ്സഹമാക്കുന്നു എന്നതിന്റെ നേർക്കാഴ്ചയായി മഹാരാഷ്ട്രയിലെ വിദർഭയിൽ നിന്നും ഒരു ഹൃദയഭേദകമായ ദൃശ്യം. യവത്മാൽ ജില്ലയിലെ പുസദിനടുത്തുള്ള ഖണ്ഡാല ഘട്ടിൽ, ദാഹിച്ചുവലഞ്ഞ ഒരു കുരങ്ങൻ വെള്ളത്തിനായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് തടഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. വാഷിമിൽ നിന്നും പുസദിലേക്ക് സർവീസ് നടത്തുകയായിരുന്ന സർക്കാർ ബസ് വനമേഖലയായ ഖണ്ഡാല ഘട്ടിൽ എത്തിയപ്പോൾ ഒരു കുരങ്ങൻ പെട്ടെന്ന് റോഡിന് നടുവിലേക്ക് ചാടുകയായിരുന്നു. ബസിന് മുന്നിൽ നിന്ന് മാറാതെ നിന്ന കുരങ്ങനെ കണ്ട് ഡ്രൈവർ വണ്ടി നിർത്തി.

Add Asianetnews as a Preferred SourcegooglePreferred

ആദ്യമൊക്കെ ഡ്രൈവറും യാത്രക്കാരും ചേർന്ന് കുരങ്ങനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും അത് അവിടെനിന്ന് മാറാൻ കൂട്ടാക്കിയില്ല. കടുത്ത ചൂടിൽ നിർജ്ജലീകരണം സംഭവിച്ച് അവശനായ നിലയിലായിരുന്നു കുരങ്ങൻ. കുരങ്ങന്റെ അവസ്ഥ മനസ്സിലാക്കിയ ചില യാത്രക്കാർ ബസിന്റെ ജനലിലൂടെ വെള്ളക്കുപ്പി നീട്ടിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യാത്രക്കാർ നൽകിയ കുപ്പിയിൽ നിന്ന് കുരങ്ങൻ വേഗത്തിൽ വെള്ളം കുടിക്കാൻ തുടങ്ങി. തൊട്ടുപിന്നാലെ കാട്ടിൽ നിന്ന് മറ്റ് നിരവധി കുരങ്ങൻമാരും ഓടിയെത്തി ബസിന് ചുറ്റും കൂടി. ദാഹിച്ചുവലഞ്ഞ ഈ ജീവികൾ ഒരു തുള്ളി വെള്ളത്തിനായി പരസ്പരം മത്സരിക്കുന്ന കാഴ്ച യാത്രക്കാരിൽ വലിയ വിഷമമുണ്ടാക്കി. തുടർന്ന് ബസിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാരും തങ്ങളുടെ കൈവശമുണ്ടായിരുന്ന കുടിവെള്ളക്കുപ്പികൾ ഈ കുരങ്ങൻമാർക്കായി വെച്ചുനീട്ടുകയായിരുന്നു.

Scroll to load tweet…

ബസിലെ യാത്രക്കാരിയായ ലത ശ്രീവാസ് പകർത്തിയ ഈ രംഗങ്ങളുടെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'ഹൃദയഭേദകം' എന്നും 'വർദ്ധിച്ചുവരുന്ന ആഗോളതാപനത്തിന്റെ ശക്തമായ മുന്നറിയിപ്പ്' എന്നുമാണ് ദൃശ്യങ്ങൾ കണ്ട ആളുകൾ പ്രതികരിക്കുന്നത്. വേനൽക്കാലത്ത് വനംവകുപ്പ് സാധാരണയായി വനത്തിനുള്ളിൽ കൃത്രിമ ജലാശയങ്ങൾ ഒരുക്കാറുണ്ടെങ്കിലും, ഖണ്ഡാല ഘട്ടിലെ വനങ്ങളിൽ ഇത്തരം സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. വന്യജീവികൾ വെള്ളം തേടി റോഡിലിറങ്ങേണ്ടി വരുന്നത് അധികൃതരുടെ വീഴ്ചയാണെന്ന തരത്തിൽ വനംവകുപ്പിനെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്.