
കിഴക്കൻ ചൈനയിലെ ഒരു വീട്ടിലെ വാഷിംഗ് മെഷ്യനിൽപ്പെട്ട് പോയ പൂച്ച പത്ത് മിനിറ്റോളം കറങ്ങി. ഒടുവിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അത്യന്തം അപകടം നിറഞ്ഞ അനുഭവത്തിൽ നിന്നും പുറത്ത് കടന്ന പൂച്ചയുടെ മൂക്ക് മാത്രം ചുവന്നിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മരണത്തിൽ നിന്നും ജിന്‍ററാവോയെന്ന പൂച്ച കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും അതിന് നിസാര പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നൊള്ളൂവെന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
@jiemodaxiaojie എന്ന് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ അറിയപ്പെടുന്ന ജിന്‍ററാവോയുടെ ഉടമ അവന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വൈറലായി. 20,000 ത്തോളം കുറിപ്പുകളും രണ്ടര ലക്ഷത്തോളം ലൈക്കുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്. ചൈനീസ് സമൂഹ മാധ്യമമായ ഡ്യുയിനിലാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. വാഷിംഗ് മെഷ്യനിൽ നിന്നും വസ്ത്രങ്ങൾ പുറത്തെടുക്കുമ്പോഴാണ് നനഞ്ഞൊട്ടിയ പൂച്ചയെ കണ്ടെത്തിയത്. പിന്നാലെ വാഷിംഗ് മെഷ്യനിൽ നിന്നും പൂച്ച പുറത്ത് ചാടിയെങ്കിലും പൂച്ചയെ ആദ്യം തോടാൻ പോലും അവന്‍റെ ഉടമ മടിച്ചു. അവന് ആന്തരീക പരിക്കുകളെന്തെങ്കിലും ഉണ്ടാകുമെന്ന് താന്‍ ഭയന്നതായി അദ്ദേഹം പയുന്നു. വാഷിംഗ് മെഷ്യനിൽ നിന്നും രക്ഷപ്പെട്ട് പുറത്തിറങ്ങിയ പൂച്ച നിൽക്കാനാകാതെ ആടുന്നതും വീഡിയോയിൽ കാണാം.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമുയർത്തി. ജിന്‍ററാവോയുടെ ഉടമ തീർത്തും അശ്രദ്ധമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് നിരവധി പേര്‍ വിമർശിച്ചു. വളർത്തുമൃഗങ്ങളുടെ ഉടമകൾ വാഷിംഗ് മെഷ്യൻ പ്രവർത്തിപ്പിക്കുന്നതിന് മുമ്പ് അവ പരിശോധിക്കണമെന്ന് നിരവധി പേര്‍ നിർദ്ദേശിച്ചു. ചിലർ ടിപ്സുകളുമായി രംഗത്തെത്തി. രണ്ട് ദിവസങ്ങൾക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത ജിന്‍ററാവോയുടെ വീഡിയോയുമായി ഉടമ വീണ്ടും രംഗത്തെത്തി. അതേസമയം വാഷിംഗ് മെഷ്യൻ, ഡ്രയറുകൾ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവ വളർത്തുമൃഗങ്ങൾക്ക് വലിയ അപകടം വരുത്തിവയ്ക്കുമെന്ന് വെറ്ററിനറി ഡോക്ടർമാര്‍ ചൂണ്ടിക്കാണിച്ചു. നേരത്തെ ഓസ്ട്രേലിയയിൽ വച്ച് പാബ്ലോ എന്ന പൂച്ചയും വാഷിംഷ് മെഷ്യനിൽ നിന്നും രക്ഷപ്പെട്ട വാർത്ത വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു.