മതിൽ ചാടാൻ ഇനി എന്റെ പട്ടി വരും; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി പൂച്ചയുടെ വീഡിയോ

Published : Aug 11, 2023, 11:25 AM IST
മതിൽ ചാടാൻ ഇനി എന്റെ പട്ടി വരും; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി പൂച്ചയുടെ വീഡിയോ

Synopsis

ഒരു പാർക്കിംഗ് ഗ്രൗണ്ടിൽ നിരയായി നിർത്തി ഇട്ടിരിക്കുന്ന വാഹനങ്ങളാണ് വീഡിയോയുടെ ആദ്യഭാഗത്ത് കാണുന്നത്. പെട്ടെന്ന് അവിടേക്ക് ഒരു പൂച്ച നടന്നുവരുന്നു. തുടർന്ന് അത് ഒരു കാറിന്റെ ബോണറ്റിലേക്ക് ആദ്യം ചാടി കയറുന്നു.

വികൃതി കാണിക്കാൻ പൂച്ചയോളം മിടുക്കരായ വളർത്തുമൃഗങ്ങൾ കുറവാണ്. പലപ്പോഴും അവയുടെ കളിയും വികൃതിത്തരവും എല്ലാം കാഴ്ചക്കാരായ നമ്മുടെ മുഖത്തും ചിരി പടർത്താറുണ്ട്. പൂച്ചയെ പറ്റിക്കുന്നതും ചിലരുടെ രസകരമായ ഹോബിയാണ്. ഇപ്പോഴിതാ ഒരു പൂച്ചയുടെ മതിൽ ചാട്ടത്തിന്റെ രസകരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. മതിൽ ചാടിക്കടക്കാൻ ആവർത്തിച്ച് ശ്രമിച്ചിട്ടും പരാജയപ്പെട്ടു പോകുന്ന ഒരു പൂച്ചയാണ് വീഡിയോയിൽ.

പൂച്ചപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ വീഡിയോ ആഗസ്റ്റ് 9 -നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. Buitengebieden എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വൈറലായി മാറിക്കഴിഞ്ഞു ഈ മതിൽ ചാട്ട വീഡിയോ.

ഒരു പാർക്കിംഗ് ഗ്രൗണ്ടിൽ നിരയായി നിർത്തി ഇട്ടിരിക്കുന്ന വാഹനങ്ങളാണ് വീഡിയോയുടെ ആദ്യഭാഗത്ത് കാണുന്നത്. പെട്ടെന്ന് അവിടേക്ക് ഒരു പൂച്ച നടന്നുവരുന്നു. തുടർന്ന് അത് ഒരു കാറിന്റെ ബോണറ്റിലേക്ക് ആദ്യം ചാടി കയറുന്നു. അവിടെനിന്നും കാറിൻറെ മുകൾ ഭാഗത്തേക്ക് ചാടുന്നു. ഒരു ചാട്ടവും പിഴച്ചില്ല കൃത്യമായി തന്നെ ലാൻഡ് ചെയ്തു. ഇനി തൊട്ടു പുറകിലുള്ളത് ഒരു മതിലാണ്. അത് ചാടിക്കടന്നാൽ അപ്പുറം എത്തും. പിന്നെ മടിച്ചില്ല, മതിൽ ലക്ഷ്യമാക്കി ഒറ്റച്ചാട്ടം. പക്ഷേ, ആ ചാട്ടം ലക്ഷ്യസ്ഥാനത്ത് എത്തിയില്ല എന്ന് മാത്രമല്ല നടുവ് തല്ലി നിലത്തും വീണു.  

പിന്നെ കുറച്ചു നേരത്തേക്ക് ആശാൻറെ അനക്കമൊന്നും കണ്ടില്ല ആ വഴി പോയിട്ടുണ്ടാകും എന്ന് കരുതിയിരിക്കുമ്പോഴാണ് അതാ വരുന്നു നായകൻ വീണ്ടും. തോൽക്കാൻ മനസ്സില്ലാതെ വീണ്ടും ഒരിക്കൽ കൂടി ശ്രമം. പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ അതും പരാജയപ്പെട്ടു. അവൻ വീണ്ടും വരും എന്ന് കരുതി കാത്തിരുന്നപ്പോൾ അതാ കാറുകൾക്കിടയിലൂടെ കക്ഷി വീണ്ടും എത്തി. പക്ഷേ, ഇത്തവണ എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചു. ഇനി ചാടി നോക്കാൻ എൻറെ പട്ടി വരും എന്ന ഭാവത്തിൽ ഒരൊറ്റ പോക്ക്. ഏതായാലും പൂച്ച പ്രേമികളുടെ ഹൃദയം കീഴടക്കിയ ഈ വീഡിയോ ഇതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു