
എക്സ്ട്രീം സ്പോർട്സിൽ പുതിയ ചരിത്രം രചിച്ച് കനേഡിയൻ ഹൈ ഡൈവിങ് താരം മോളി കാൾസൺ. കാനഡയിലെ ന്യൂഫൗണ്ട്‌ലൻഡിന്റെ തീരത്ത് കടലിൽ പൊങ്ങിക്കിടന്ന കൂറ്റൻ ഹിമാനിയിൽ നിന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് ചാടിയാണ് മോളി കാൾസൺ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. വെറ്റ്‌സ്യൂട്ട് ധരിച്ച്, വഴുക്കലുള്ള ഐസ് മല കയറിയ ശേഷമാണ് ഇവർ തണുത്ത വെള്ളത്തിലേക്ക് ഡൈവ് ചെയ്തത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
'ക്ലിഫ് ഡൈവിംഗിൽ നിന്ന് ഐസ് ബർഗ് ഡൈവിംഗിലേക്ക്?! ഐസ് ബർഗിൽ നിന്ന് ഡൈവ് ചെയ്യുന്ന ആദ്യത്തെ വനിതയായി മോളി കാൾസൺ ചരിത്രം കുറിച്ചിരിക്കുന്നു!' എന്ന് റെഡ്ബുൾ ഈ സാഹസിക പ്രകടനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു. റെഡ് ബുൾ ക്ലിഫ് ഡൈവിംഗുമായി സഹകരിച്ചാണ് കാൾസൺ ഈ ദൗത്യം പൂർത്തിയാക്കിയത്.
ഐസ് ബർഗ് കയറാൻ പഠിക്കുന്നു
ഐസ് ബർഗിൽ നിന്ന് ചാടാൻ തീരുമാനിച്ചെങ്കിലും, ആദ്യം അത് കയറാൻ പഠിക്കേണ്ടതുണ്ടായിരുന്നു എന്ന് കാൾസൺ വ്യക്തമാക്കി. തുടർന്ന് കാനഡയിലെ പ്രശസ്തനായ ഐസ് ക്ലൈംബർ വില്ല് ഗാഡിന്റെ സഹായത്തോടെ അവർ ഐസ് ക്ലൈംബിംഗിന്റെ അടിസ്ഥാന പാഠങ്ങൾ പഠിച്ചു. ക്രാംപോണുകളും ഐസ് ടൂളുകളും എങ്ങനെ ഉപയോഗിക്കാമെന്നും, സുരക്ഷിതമായി എങ്ങനെ മുന്നേറാമെന്നും ഗാഡ് അവളെ പഠിപ്പിച്ചു.
'ഐസ് ബർഗുകൾ വളരെ അപകടകരമാണ്' എന്ന് കാൾസൺ തന്റെ പുതിയ യൂട്യൂബ് ഡോക്യുമെന്ററിയിൽ പറഞ്ഞു. തന്റെ ജീവിതത്തിൽ താൻ ചെയ്ത ഏറ്റവും ഭയപ്പെടുത്തുന്ന കാര്യമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
'ഐസ് ബർഗുകൾക്ക് വളരെ വലിയ ശക്തിയുണ്ട്. അതിന്റെ ഒരു ചെറിയ ഭാഗം മാത്രമേ നമ്മൾ ഉപരിതലത്തിന് മുകളിൽ കാണുന്നുള്ളൂ, എന്നാൽ ഭൂരിഭാഗവും അടിയിൽ മറഞ്ഞിരിക്കുകയാണ്. നമ്മുടെ ഉത്കണ്ഠകളും ഭയങ്ങളും പലപ്പോഴും ഇതുപോലെ തന്നെയാണ്' കാൾസൺ വ്യക്തമാക്കി. ഉള്ളിലുള്ള ഭയങ്ങൾ പുറത്തു കാണിക്കാൻ മടിക്കുന്ന എല്ലാവർക്കും വേണ്ടിയാണ് താൻ ഈ സാഹസികത നടത്തിയതെന്നും അവർ പറഞ്ഞു.
ചരിത്രപരമായ ഡൈവ്
ഏകദേശം 15 മീറ്റർ ഉയരത്തിൽ നിന്ന് ഐസ് ബർഗിൽ ബാക്ക്വേഡ് ഡൈവ് ചെയ്യുന്ന ആദ്യത്തെ വനിതയായി കാൾസൺ മാറി എന്ന് റെഡ്ബുൾ പ്രസ്താവനയിൽ അറിയിച്ചു. തണുത്ത വെള്ളത്തിൽ വീണപ്പോൾ ശരീരം മരവിച്ചുപോയെന്നും, വെള്ളത്തിന് മുകളിലേക്ക് വന്നപ്പോൾ 'നീന്തൂ, ഇവിടെനിന്ന് രക്ഷപ്പെടൂ' എന്നായിരുന്നു താൻ ചിന്തിച്ചതെന്നും കാൾസൺ ഓർത്തെടുത്തു.
'എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരുന്നു അത്. കഠിനമായ ദിവസങ്ങളും ഭയങ്ങളും ഉണ്ടാകാമെങ്കിലും അതെല്ലാം തരണം ചെയ്ത് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കാണിച്ചുകൊടുക്കുന്നത് അതിശയകരമായ കാര്യമാണ്' എന്നും അവർ കൂട്ടിച്ചേർത്തു.