കോർപറേറ്റ് ജോലി ഉപേക്ഷിച്ച് സധൈര്യം കണ്ടന്റ് ക്രിയേഷനിലേക്ക്, കൂടുതൽ വരുമാനം, കൂടുതല്‍ സന്തോഷം; അനുഭവം

Published : Oct 24, 2026, 11:04 AM IST
viral video

Synopsis

'എന്റെ ഏറ്റവും വലിയ നേട്ടം പണമല്ല, മറിച്ച് എനിക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യവും എന്നിലുള്ള ആത്മവിശ്വാസവുമാണ്' എന്നും അദ്ദേഹം കുറിച്ചു. എല്ലാവരും ജോലി ഉപേക്ഷിക്കണമെന്ന് താൻ പറയുന്നില്ലെന്നും ഓരോരുത്തരുടെയും യാത്രകൾ വ്യത്യസ്തമാണെന്നും ശുഭ് സാരംഗ് ഓർമ്മിപ്പിക്കുന്നു.

കോർപ്പറേറ്റ് ജോലി നൽകുന്ന ശമ്പളവും സുരക്ഷിതത്വവുമൊക്കെ ഉപേക്ഷിച്ച് സ്വപ്നത്തിന്റെ പിറകെ പോവുക. നേരത്തെ ആളുകൾ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ്. എന്നാൽ, ഇന്ന് കോർപറേറ്റ് ജോലി ഉപേക്ഷിക്കുന്ന അനേകം പേരുണ്ട്. അതിലൊരാളാണ് ഈ യുവാവും. ജോലി ഉപേക്ഷിച്ച് തന്റെ പാഷനായ കണ്ടന്റ് ക്രിയേഷനിലേക്ക് തിരിയുകയായിരുന്നു മുംബൈ സ്വദേശിയായ ബൈക്കർ ശുഭ് സാരംഗ്. ആദ്യം ഇതൊരു സൈഡ് ജോലി മാത്രമായിരുന്നു. എന്നാൽ, അതിലൂടെ ലഭിക്കുന്ന വരുമാനം സ്ഥിരശമ്പളത്തിന്റെ മൂന്നിരട്ടിയോ നാലിരട്ടിയോ ആയപ്പോഴാണ് അദ്ദേഹം ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

'ഒടുവിൽ ഞാനെന്റെ ജോലി ഉപേക്ഷിച്ചു. സത്യത്തിൽ ഞാൻ ഇതുതന്നെയാണ് ചെയ്തതെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല' ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ശുഭ് സാരംഗ് പറയുന്നു. തന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

കഠിനാധ്വാനം

പകൽ മുഴുവൻ ജോലി ചെയ്തശേഷം, ചെറിയ ഇടവേളകളിൽ വീഡിയോകൾക്കായി യാത്ര ചെയ്യുകയും ഷൂട്ട് നടത്തുകയുമായിരുന്നു പതിവ്. രാത്രി വൈകിയുള്ള എഡിറ്റിംഗ് കാരണം പലപ്പോഴും പുലർച്ചെ 4 മണി വരെ ഉറക്കമൊഴിക്കേണ്ടി വന്നിട്ടുണ്ട്.

പതുക്കെയാണ് തന്റെ ഫോളോവേഴ്സ് കൂടിയത്. ബൈക്കിംഗ്, ലൈഫ്‌സ്റ്റൈൽ കണ്ടന്റുകൾക്ക് നല്ല സ്വീകാര്യത ലഭിച്ചതോടെ ബ്രാന്റുകൾ തേടിയെത്തി. ഒരു ബ്രാന്റ് കൊളാബറേഷനിൽ നിന്ന് മാത്രം 1 ലക്ഷം രൂപയാണ് ലഭിച്ചത്. പിന്നീട് വീഡിയോ പാർട്ണർഷിപ്പിലൂടെ 1.3 ലക്ഷം മുതൽ 1.5 ലക്ഷം രൂപ വരെ സമ്പാദിക്കാൻ കഴിഞ്ഞു.

'എന്റെ ഏറ്റവും വലിയ നേട്ടം പണമല്ല, മറിച്ച് എനിക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യവും എന്നിലുള്ള ആത്മവിശ്വാസവുമാണ്' എന്നും അദ്ദേഹം കുറിച്ചു. എല്ലാവരും ജോലി ഉപേക്ഷിക്കണമെന്ന് താൻ പറയുന്നില്ലെന്നും ഓരോരുത്തരുടെയും യാത്രകൾ വ്യത്യസ്തമാണെന്നും ശുഭ് സാരംഗ് ഓർമ്മിപ്പിക്കുന്നു. എങ്കിലും, സ്വപ്നങ്ങൾക്ക് വേണ്ടി അവസരം നൽകാൻ ഒരിക്കലും മടിക്കരുതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ അദ്ദേഹത്തിന്റെ ധൈര്യത്തെ അഭിനന്ദിച്ചപ്പോൾ, മറ്റുചിലർ യുവാക്കൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി. 'ഇത് കണ്ട് തെറ്റിദ്ധരിക്കരുത്. എല്ലാവർക്കും കണ്ടന്റ് ക്രിയേഷനിലൂടെ വിജയിക്കാൻ കഴിയില്ല. ഇത് വളരെ ബുദ്ധിമുട്ടാണ്' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'ഞാനും 2022-ൽ ജോലി ഉപേക്ഷിച്ചയാളാണ്. ആ അനുഭവം എനിക്ക് മനസ്സിലാകും' മറ്റൊരാൾ കുറിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

കടലിലെ കൂറ്റന്‍ മഞ്ഞുമല നടന്നു കയറി, പിറകോട്ട് മറിഞ്ഞ് താഴെ തണുത്തുറഞ്ഞ വെള്ളത്തിലേക്ക് ഒരൊറ്റ ചാട്ടം; ചരിത്രം കുറിച്ച് മോളി കാൾസൺ
എത്ര ദൂരെയായാലെന്താ, വീട്ടിലെ സമ്മാനമെത്തുമ്പോൾ ഒരു കുഞ്ഞിനെപ്പോലെ; മനം നിറയ്ക്കും വീഡിയോ