beer can : ബിയർ കാനിൽ മൂർഖന്റെ തല കുടുങ്ങി, പിന്നാലെ മരണവെപ്രാളം, രക്ഷാപ്രവർത്തനം

By Web TeamFirst Published Dec 6, 2021, 12:21 PM IST
Highlights

വിദഗ്ധർ പാമ്പിനെ മോചിപ്പിക്കാൻ 20 മിനിറ്റിലധികം സമയമെടുത്തു, തുടർന്ന് പരിക്കുകൾക്ക് ചികിത്സ നൽകിയ ശേഷം വീണ്ടും കാട്ടിലേക്ക് വിട്ടു.

ഭക്ഷണപ്പൊതികളും പാത്രങ്ങളും മറ്റും അശ്രദ്ധമായി വലിച്ചെറിയുന്നത് മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും പക്ഷികള്‍ക്കുമെല്ലാം ദോഷം ചെയ്യും. ഭൂമിയിലെ മലിനീകരണം ജീവജാലങ്ങളെ പലവിധത്തിൽ ദോഷകരമായി ബാധിക്കും. ഇത് രോഗങ്ങൾക്കും ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾക്കും കാരണമാകുന്നു. ഒഡീഷയിലെ പുരിയിൽ നിന്നുള്ള ഒരു പുതിയ വൈറൽ വീഡിയോ കാണിക്കുന്നത് ബിയർ കണ്ടെയ്‌നർ(beer can) പോലെയുള്ള ലളിതമായ ഒരു വസ്തു പോലും ശരിയായി നീക്കം ചെയ്തില്ലെങ്കിൽ ജീവജാലങ്ങൾക്ക് ഒരു ഭീഷണിയാകുമെന്നാണ്.  

നാല് അടി നീളമുള്ള ഒരു മൂർഖൻ പാമ്പ്(cobra) ബിയർ ക്യാനിനുള്ളിൽ തല കുടുങ്ങിയതിനെ തുടര്‍ന്ന് സ്വതന്ത്രനാകാൻ പാടുപെടുന്നത് വീഡിയോയിൽ കാണാം. മാധിപൂർ ഗ്രാമത്തിലെ നാട്ടുകാരാണ് പാമ്പിനെ കണ്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വലിച്ചെറിഞ്ഞ ബിയർ ക്യാനിന്റെ തുറന്ന ഭാഗത്ത് മൂർഖൻ പാമ്പിന്റെ തല പൂർണമായും കുടുങ്ങിയതിനാൽ വന്യജീവി ഉദ്യോഗസ്ഥർക്ക് രക്ഷാപ്രവർത്തനം നടത്തേണ്ടി വന്നു. 

പാമ്പിനെ ശ്വസിക്കാൻ അനുവദിക്കുന്നതിനായി ഹാൻഡ്‌ലർ, ക്യാനിന്റെ ഒരു വശം മുറിക്കുന്നത് കാണാം. മെറ്റൽ ക്യാനിൽ നിന്ന് പാമ്പിന്റെ തല പുറത്തുവന്നതിന് ശേഷം, വിദഗ്ധർ തുറന്ന പ്ലാസ്റ്റിക് ട്യൂബ് ഉപയോഗിച്ച് അതിന്റെ വായ മൂടുകയും ആരെയെങ്കിലും കടിക്കുന്നത് തടയുകയും ചെയ്തു. പിന്നീട് പാമ്പിനെ പൂർണമായി മോചിപ്പിക്കാൻ വിദഗ്ധർ ബാക്കിയുള്ള ക്യാൻ മുറിച്ചുമാറ്റി. വിദഗ്ധർ പാമ്പിനെ മോചിപ്പിക്കാൻ 20 മിനിറ്റിലധികം സമയമെടുത്തു, തുടർന്ന് പരിക്കുകൾക്ക് ചികിത്സ നൽകിയ ശേഷം വീണ്ടും കാട്ടിലേക്ക് വിട്ടു.

ജൂണിൽ ഒഡീഷയിലെ മയൂർഭഞ്ചിൽ എട്ടടി നീളമുള്ള രാജവെമ്പാലയെ ഒരു സ്ത്രീ രക്ഷപ്പെടുത്തിയിരുന്നു. തങ്ങളുടെ വീട്ടിലേക്ക് കടന്ന പാമ്പിന്റെ അടുത്തേക്ക് രണ്ട് വയസ്സുള്ള കുട്ടി ഇഴയുന്നത് കണ്ടപ്പോൾ സസ്മിതെ ഗോച്ചൈത് എന്ന സ്ത്രീയും ഭർത്താവും ഞെട്ടിപ്പോയി. ഭർത്താവ് പെട്ടെന്ന് പ്രതികരിക്കുകയും ജനലിൽ നിന്ന് അത് ചാടുന്നതിന് മുമ്പ് മകനെ പിടികൂടുകയും ചെയ്തു. എന്നാൽ, സസ്മിത പരിഭ്രാന്തയാകാതെ വിഷമുള്ള പാമ്പിനെ പിടിക്കാൻ പോയി. കൃഷ്‌ണ ഗോചൈത് എന്ന റേഞ്ച് ഓഫീസറെ വിളിച്ച് സംഭവം അറിയിച്ചതായി ഭർത്താവ് പറഞ്ഞു. ഭാഗ്യവശാൽ, ആർക്കും കടിയേല്‍ക്കുകയോ പരിക്കേൽക്കുകയോ ചെയ്തില്ല. പിന്നീട്, അതിനെ കാട്ടില്‍ വിട്ടയച്ചു. 

click me!