
മധ്യപ്രദേശിലെ മൈഹാർ ജില്ലയിലെ കാക്ര അങ്കണവാടി കേന്ദ്രത്തിൽ കുട്ടികൾക്ക് പോഷകാഹാരത്തിന് പകരം നൽകിയത് പൂരിയും ഉപ്പും. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് വിവാദമായി. പിന്നാലെ വനിതാ-ശിശു വികസന വകുപ്പ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അങ്കണവാടി കേന്ദ്രത്തിലെത്തിയ കുട്ടികൾ തങ്ങൾക്ക് ലഭിച്ച ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
വീഡിയോ ചിത്രീകരിക്കുന്നയാൾ ഭക്ഷണമായി എന്താണ് ലഭിച്ചതെന്ന് കുട്ടികളോട് ചോദിച്ചപ്പോൾ ഒരു പെൺകുട്ടി ‘പൂരിയും നമക്കും’ എന്നാണ് മറുപടി നൽകുന്നത്. പോഷകസമൃദ്ധമായ ഭക്ഷണം നൽകേണ്ട കേന്ദ്രത്തിൽ കുട്ടികൾക്ക് വെറും പൂരിയും ഉപ്പും മാത്രം നൽകിയത് സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനത്തിന് കാരണമായി. അതേസമയം, വൈറലായ വീഡിയോ ഇപ്പോഴത്തേതല്ലെന്നും ഏകദേശം മൂന്ന് മാസം പഴക്കമുള്ളതാണെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. അതേസമയം വീഡിയോ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതെന്നും അതിന് പിന്നാലെയാണ് വകുപ്പ് വിഷയത്തിൽ ഇടപെട്ടതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Another incident from Maihar, Madhya Pradesh: children at Kakra Anganwadi Centre were reportedly served only salt and puris instead of nutritious food.
Dalit children still struggle for proper meals, while funds meant for them are allegedly pocketed by upper caste leaders. pic.twitter.com/CgTxIpoNZI— Amit _ (@Amit24TD) August 11, 2026
സംഭവം വിവാദമായതിന് പിന്നാലെ ജില്ലാ പ്രോഗ്രാം ഓഫീസർ രാജേന്ദ്ര ബാംഗ്ഡെ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രോജക്ട് ഓഫീസർ അഖിലേഷ് ദീപങ്കറിനാണ് അന്വേഷണ ചുമതല. അദ്ദേഹം കാക്ര അങ്കണവാടി കേന്ദ്രത്തിലെത്തി പരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. വീഡിയോയുടെ യാഥാർഥ്യം ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും പരിശോധിച്ചുവരികയാണെന്ന് ജില്ലാ പ്രോഗ്രാം ഓഫീസർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ച ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രോജക്ട് ഓഫീസറോട് നിർദേശിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം വീഴ്ചയ്ക്ക് ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ ചട്ടപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ ഉറപ്പുനൽകി.