മോഷണം നടത്തിയ വീട്ടുജോലിക്കാരിയെ കൈയോടെ പിടികൂടിയ വീട്ടുടമ, പോലീസിൽ പരാതിപ്പെടാതെ അവർക്കുള്ള ബാക്കി ശമ്പളം മുഴുവൻ നൽകി ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഈ സംഭവം തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം, തർക്കങ്ങൾ പരിഹരിക്കുന്ന രീതി എന്നിവയെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവെച്ചു.
10,000 രൂപയുടെ ശമ്പള കുടിശ്ശിക തീർക്കാതിരുന്ന കടയുടമയുടെ വസ്ത്രശാലയ്ക്ക് തീയിട്ട് 21 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ ജീവനക്കാരന്‍റെ വാർത്ത വൈറലായിട്ട് അധിക കാലമായിട്ടില്ല. പിന്നാലെ മറ്റൊരു വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ജോലി ചെയ്യുന്ന വീട്ടിൽ നിന്നും മോഷണം തടത്തിയത് കൈയോടെ പിടികൂടിയതിന് പിന്നാലെ ബാക്കിയുള്ള ശമ്പളം മുഴവൻ കൊടുത്ത് ജീവനക്കാരിയെ പറഞ്ഞയക്കുന്ന വീട്ടുടമയുടെ വീഡിയോയായിരുന്നു അത്.
കൈയോടെ പിടികൂടി മോഷണം
സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് വീട്ടുജോലിക്കാരും തൊഴിലുടമകളും തമ്മിലുള്ള വിശ്വാസം, തർക്കങ്ങൾ കൈകാര്യം ചെയ്യുന്ന രീതി, സ്വകാര്യ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിന്‍റെ നൈതികത തുടങ്ങിയ വിഷയങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. വീഡിയോയിൽ വീട്ടുജോലിക്കാരി ഉടമയ്ക്ക് മുന്നിൽ മുട്ടുകുത്തി കൈകൂപ്പി മാപ്പ് പറയുന്നത് കാണാം. എന്നാൽ, നാടകം വേണ്ടെന്നും പോയിക്കോളാനും പറയുന്ന വീട്ടുടമയെയും വീഡിയോയിൽ കാണാം.ട
തുടർന്ന് അതുവരെ ജോലി ചെയ്ത ദിവസങ്ങളിലെ ബാക്കി ശമ്പളം ഉൾപ്പെടെയുള്ള കണക്കുകൾ തീർത്ത് നൽകിയ ശേഷം ജീവനക്കാരിയെ പറഞ്ഞ് വിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വീട്ടിൽ നിന്ന് മോഷണം നടത്തിയെന്ന് വീട്ടുടമ വീഡിയോയിൽ ആരോപിക്കുന്നുണ്ടെങ്കിലും പൊലീസിൽ പരാതി നൽകുകയോ സംഭവസ്ഥലത്ത് കൂടുതൽ സംഘർഷമുണ്ടാക്കുകയോ ചെയ്യാതെ, ബാക്കി വേതനം നൽകി വീട്ടുജോലിക്കാരിയെ വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
സമ്മിശ്ര പ്രതികരണം
വീഡിയോയ്ക്ക് താഴെ ചിലർ വീട്ടുടമയെ പ്രശംസിച്ച് രംഗത്തെത്തി. ജോലിക്കാരിക്ക് നേരെ അക്രമത്തിലേക്കോ പരസ്യമായ അപമാനത്തിലേക്കോ കടക്കാതെ വീട്ടുടമ പ്രശ്നം പരിഹരിച്ചുവെന്നാണ് ഇവരുടെ വാദം. എന്നാൽ മറ്റൊരു വിഭാഗം വീഡിയോ തന്നെ ചോദ്യം ചെയ്തു. സ്വകാര്യമായി പരിഹരിച്ചുവെന്ന് പറയുന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ എന്തിനാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതെന്നും, വീട്ടുജോലിക്കാരിയുടെ മുഖം മറച്ചില്ലെന്നതും ഇവർ ആരോപിക്കുന്നു. ഒപ്പം വീഡിയോയിലുള്ളത് വീട്ടുടമയുടെ മാത്രം അഭിപ്രായമാണെന്നും ജോലിക്കാരിക്ക് പറയാനുള്ളത് ആരാണ് കേട്ടതെന്നും മറ്റുചിലരും ചോദിച്ചു. മോഷണം നടന്നിട്ടുണ്ടെങ്കിൽ പൊലീസിനെ സമീപിക്കേണ്ടിയിരുന്നുവെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു. ഇതോടെ വൈറൽ വീഡിയോ തൊഴിലുടമ - തൊഴിലാളി ബന്ധത്തെയും സ്വകാര്യ തർക്കങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കിടുന്നതിന്‍റെ നൈതികതെയേയും ചിലർ ചോദ്യം ചെയ്ത് രംഗത്തെത്തി.


