
മറ്റൊരു രാജ്യത്ത് വെച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു. ആരായാലും നല്ല ജീവൻ പോയിക്കിട്ടും അല്ലേ? അത് തിരിച്ചുകിട്ടാൻ ഇനിയൊരു സാധ്യതയും ഇല്ലെന്ന് തോന്നുന്നതും സ്വാഭാവികം. എന്നാൽ, ഈ ഇന്ത്യൻ യുവതിയുടെ അനുഭവം തികച്ചും വ്യത്യസ്തമാണ്. ജപ്പാനിൽ നഷ്ടപ്പെട്ടുപോയ ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങളടങ്ങിയ പഴ്സ് ആണ് ഒരു അജ്ഞാതൻ വഴി യുവതിക്ക് സുരക്ഷിതമായി തിരികെ ലഭിച്ചത്. സോനം മിധ എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
സുഹൃത്തിനൊപ്പം റെന്റഡ് സൈക്കിളിൽ ഒരു റെസ്റ്റോറന്റിൽ എത്തിയതായിരുന്നു സോനം മിധ. സൈക്കിളിന്റെ ബാസ്കറ്റിൽ വെച്ചിരുന്ന പഴ്സ്, റെസ്റ്റോറന്റിലേക്ക് കയറുമ്പോൾ അവർ എടുക്കാൻ മറന്നുപോയി. ഏകദേശം ഒരു മണിക്കൂറിലധികം അവിടെ ചെലവഴിച്ച ശേഷം തിരിച്ചെത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം സോനം അറിയുന്നത്. ഉടൻ തന്നെ പഴ്സ് വെച്ച സ്ഥലത്തും പരിസരത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പുതുതായി വാങ്ങിയ ഡി.ജെ.ഐ മൈക്രോഫോൺ, പണം, വീടിന്റെ താക്കോൽ എന്നിവയാണ് പഴ്സിലുണ്ടായിരുന്നത്. തുടർന്ന് പഴ്സ് പോയെന്ന് കാണിച്ച് പരാതിപ്പെടാൻ സോനവും സുഹൃത്തും പൊലീസ് സ്റ്റേഷനിലെത്തി.
പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ പറഞ്ഞപ്പോൾ, തങ്ങളുടെ പക്കൽ ഒരു പഴ്സ് കിട്ടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. പരിശോധിച്ചപ്പോൾ അത് സോനത്തിന്റെ പഴ്സ് തന്നെയാണെന്ന് വ്യക്തമായി. പഴ്സിലുണ്ടായിരുന്ന പണവും മറ്റ് വസ്തുക്കളും അതിലുണ്ടായിരുന്നു. തങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകാത്ത ഏതോ നല്ല മനസ്സിന്റെ ഉടമയാണ് പഴ്സ് പൊലീസിൽ ഏൽപ്പിച്ചത്. 'ഞാൻ കരഞ്ഞുപോകും, ഇത്രയും നല്ല ആളുകൾ! ഇവിടെയുള്ളവർ വളരെ ദയയുള്ളവരാണ്, മനുഷ്യത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നന്ദി ജപ്പാൻ' സോനം ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു.
വീഡിയോ വൈറലായി മാറിയതോടെ ജപ്പാനിലെ സുരക്ഷയെയും അവിടത്തെ ജനങ്ങളുടെ സത്യസന്ധതയെയും പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.