
ജെൻ സികളുടെ പല ഭാഷകളും രീതികളും അച്ഛനമ്മമാർക്ക് അറിയില്ല. അതിനാൽ തന്നെ അവർ പറയുന്നത് പലതും അവർക്ക് മനസിലാവാറുമില്ല. എന്നാൽ, അച്ഛനമ്മമാരുടെ സ്നേഹത്തിന് ഈ ഭാഷയൊന്നും ഒരു തടസമല്ല. എന്തായാലും, ഒരേസമയം, രസകരവും ഹൃദയം കവരുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുന്നത്. തന്റെ അച്ഛന്റെ നിഷ്കളങ്കമായ സ്നേഹം കാണിക്കുന്ന വീഡിയോയാണ് യുവതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ആയു ശികേസർവാണി എന്ന യുവതിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
ആയു ഷെയർ ചെയ്തിരിക്കുന്ന വീഡിയോ പകർത്തിയിരിക്കുന്നത് ഒരു റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നാണ്. അവളെ യാത്രയാക്കാൻ വന്നതാണ് അച്ഛൻ. അവൾ ട്രെയിനിൽ കയറിയ ശേഷം അച്ഛനോട് യാത്ര പറയുകയാണ്. അതിനിടയിൽ തന്റെ കൈകൊണ്ട് പ്രശസ്തമായ 'കൊറിയൻ ഹാർട്ട് സിംബൽ' കാണിക്കുന്നത് കാണാം. അച്ഛനോടുള്ള സ്നേഹം കാണിക്കുന്നതിനായിട്ടാണ് അവൾ അത് ചെയ്യുന്നത്. എന്നാൽ, അച്ഛന് അത് മനസിലാവുന്നില്ല. അച്ഛൻ കരുതുന്നത് അവൾ പൈസയ്ക്ക് ചോദിക്കുകയാണ് എന്നാണ്. അച്ഛൻ ഉടനെ തന്നെ പോക്കറ്റിൽ നിന്നും 500 രൂപയെടുത്ത് അവൾക്ക് നൽകുന്നതാണ് കാണുന്നത്.
'ഇത്രയും നിഷ്കളങ്കരും, ഇത്രയും നിർമ്മലരുമായ മാതാപിതാക്കളുടെ കൂടെ വളർന്ന അവസാനത്തെ തലമുറ നമ്മുടേതാവും. കൊറിയൻ ഹാർട്ടാണ് ഞാൻ അച്ഛനെ കാണിച്ചത്. ഞാൻ പൈസയ്ക്ക് ചോദിക്കുകയാണെന്ന് കരുതി അദ്ദേഹം പൈസ തന്നു. നമ്മുടെ മാതാപിതാക്കളിൽ മാത്രം കണ്ടുവരുന്ന നിഷ്കളങ്കത' എന്നാണ് ആയു വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. 55 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോയ്ക്ക് ലൈക്ക് നൽകിയിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ സ്നേഹം അറിയിച്ചിരിക്കുന്നതും.