
'അതിഥി ദേവോ ഭവ' എന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യയിലുള്ളവരധികവും. ആതിഥ്യമര്യാദയ്ക്ക് പേരുകേട്ടതാണ് ഇന്ത്യയിലെ പല ഗ്രാമങ്ങളും. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. യുഎസ്സിൽ നിന്നുള്ള ഒരു ട്രാവൽ വ്ലോഗറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് മറ്റ് സ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്ക് ഇന്ത്യ സ്വന്തം വീട് പോലെ തോന്നുന്നത് എന്നാണ് വീഡിയോയിൽ പറയുന്നത്. യുഎസിൽ നിന്നുള്ള ട്രാവൽ കണ്ടന്റ് ക്രിയേറ്ററായ മാൽവിന, ഒരു വിദൂര ഹിമാലയൻ ഗ്രാമം സന്ദർശിച്ചതിന്റെ അനുഭവമാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
'ഒരു പുതിയ ഇന്ത്യൻ കുടുംബത്തിലേക്ക് തന്നെ ദത്തെടുത്തു' എന്ന് പറഞ്ഞുകൊണ്ടാണ് മാൽവിന വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ, മാൽവിന ഗ്രാമത്തിലെ ഒരു വൃദ്ധയായ സ്ത്രീയോട് സംസാരിക്കുന്നതാണ് കാണുന്നത്. ഇന്ത്യക്കാർക്ക് ആരെങ്കിലും അതിഥികൾ വന്നു കഴിഞ്ഞാൽ അവരെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കുന്ന ഒരു രീതിയുണ്ട് അല്ലേ? ഇന്ത്യക്കാരുടെ സ്നേഹത്തിന്റെ ഭാഷ അഥവാ 'ലവ് ലാംഗ്വേജ്' തന്നെ ഭക്ഷണവുമായി ബന്ധപ്പെട്ടാണ്. അതുപോലെ, മാൽവിനയോടും അവർ ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി എന്നാണ് സ്നേഹത്തോടെ പറയുന്നത്.
അങ്ങനെ, പ്രായമായ ആ സ്ത്രീ അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നത് കാണാം. തനിക്ക് ഭക്ഷണം വേണ്ട ചായ മാത്രം മതി എന്ന് മാൽവിന പറയുന്നുണ്ട്. അങ്ങനെ വീട്ടുകാർ അവൾക്ക് ചായ തയ്യാറാക്കി നൽകുന്നതാണ് പിന്നെ കാണുന്നത്. ഒരു ഘട്ടത്തിൽ താൻ ജീവിതകാലം മുഴുവനും ഇവിടെ നിന്നോളാം, പശുവിനെ നോക്കുകയും ഭക്ഷണം പാകം ചെയ്യുകയും ഒക്കെ ചെയ്തോളാം എന്നും മാൽവിന പറയുന്നത് കാണാം. എന്തായാലും, വീഡിയോ നിരവധിപ്പേരെയാണ് ആകർഷിച്ചത്. ഇന്ത്യയിലെ വിദൂരപ്രദേശത്ത് താമസിക്കുന്ന മനുഷ്യർ സ്നേഹവും ദയവും ആതിഥ്യമര്യാദയും നിറഞ്ഞവരാണ്, അത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ് എന്ന് തെളിയിക്കുന്നതായിരുന്നു പല കമന്റുകളും.