വാക്കർ ഉപയോഗിച്ച് റെയിൽവേ ട്രാക്ക് മുറിച്ച് കടന്ന് ഭിന്നശേഷിക്കാരൻ; തൊട്ടുപിന്നാലെ ട്രെയിൻ, അത്ഭുതകരമായ രക്ഷപ്പെടൽ, വീഡിയോ

Published : Sep 05, 2026, 02:49 PM IST
Disabled man walks on railway tracks using walker

Synopsis

മഹാരാഷ്ട്രയിലെ അമ്പലനാഥ് റെയിൽവേ സ്റ്റേഷനിൽ, ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പ് ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച ഭിന്നശേഷിക്കാരനെ മറ്റ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഈ സംഭവം റെയിൽവേ സ്റ്റേഷനുകളിലെ ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.

ട്രെയിൻ എത്തുന്നതിന് തൊട്ടുതൊട്ടുമുമ്പ് ഭിന്നശേഷിക്കാരനായ യാത്രക്കാരൻ വാക്കറിന്‍റെ സഹായത്തോടെ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ അമ്പലനാഥ് റെയിൽവേ സ്റ്റേഷനിൽ സെപ്റ്റംബർ 2 -ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായി മാറിയിരിക്കുന്നത്.

അത്ഭുതകരമായ രക്ഷപ്പെടൽ

മറുഭാഗത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നതിനായി വളരെ പ്രയാസപ്പെട്ട് പതുക്കെ ട്രാക്കിലൂടെ നീങ്ങിയ ഇയാൾക്ക്, ട്രെയിൻ തുടർച്ചയായി ഹോൺ മുഴക്കിക്കൊണ്ട് കടന്നുവരുമ്പോഴും പെട്ടെന്ന് മുന്നോട്ട് നടക്കാനായില്ല. ഇയാൾ പ്ലാറ്റ്‌ഫോമിന് സമീപമെത്തിയ ഉടൻ തന്നെ അവിടെയുണ്ടായിരുന്ന മറ്റ് യാത്രക്കാർ ചേർന്ന് നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഇയാളെ സുരക്ഷിതമായി മുകളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. രാഹുൽ ബംഗാർ എന്നയാൾ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സംഭവത്തിന്‍റെ വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. യാത്രക്കാർ ട്രാക്ക് മുറിച്ചുകടക്കരുതെന്നും നിർദ്ദിഷ്ട മേൽപ്പാലങ്ങൾ മാത്രം ഉപയോഗിക്കണമെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം അഭ്യർത്ഥിച്ചു.

ഭിന്നശേഷി സൗഹൃദമാകണം റെയിൽവേ സ്റ്റേഷനുകൾ

സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ റെയിൽവേ സ്റ്റേഷനുകളിലെ ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി യാത്രക്കാർ രംഗത്തെത്തി. അപകടകരമായ രീതിയിൽ ട്രാക്ക് മുറിച്ചുകടന്നതിനെ ചിലർ വിമർശിച്ചെങ്കിലും, ഭൂരിഭാഗം ആളുകളും ഇതിന് കാരണം റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങളുടെ പരാജയമാണെന്ന് ആരോപിച്ചു. അമ്പലനാഥ് സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എസ്‌കലേറ്ററോ ലിഫ്റ്റോ ഇല്ലെന്നും ഫുട് ഓവർ ബ്രിഡ്ജ് കയറാൻ ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും ഏറെ പ്രയാസമാണെന്നും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. പടികൾ കയറാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇത്തരക്കാർ ജീവൻ പണയം വെച്ചും ട്രാക്കിലിറങ്ങാൻ നിർബന്ധിതരാകുന്നത്. അതേസമയം, വിഷയം ശ്രദ്ധയിൽപ്പെട്ട റെയിൽവേ സേവ അധികൃതർ സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി അമ്പലനാഥ് സ്റ്റേഷനിൽ ഉടൻ തന്നെ കൂടുതൽ എസ്‌കലേറ്ററുകൾ സ്ഥാപിക്കുമെന്ന് സെൻട്രൽ റെയിൽവേ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ പീഡനശ്രമം: കൗമാരക്കാരനെ കടിച്ചോടിച്ച് തെരുവ് നായ്ക്കൾ; പിന്നാലെ അറസ്റ്റ്
40 വർഷം പഴക്കമുള്ള ജാപ്പനീസ് വീട്; ഇന്ത്യൻ യുവാവിന്‍റെ ഹോം ടൂർ വീഡിയോ വൈറൽ, ‘ഡ്രീം ഹോമെ’ന്ന് സോഷ്യൽ മീഡിയ