ഇന്ത്യൻ ട്രാവൽ വ്ലോഗർ ആദിത്യ സാഹൂ പങ്കുവെച്ച 40 വർഷം പഴക്കമുള്ള ജാപ്പനീസ് വീടിന്‍റെ വീഡിയോ വൈറലാകുന്നു. 'ഡോറമോണിന്‍റെ വീട്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഭവനത്തിന്‍റെ പരമ്പരാഗത ശൈലിയും ലാളിത്യവും വീട്ടുടമകളുടെ സ്നേഹവുമാണ് കാഴ്ചക്കാരെ ആകർഷിക്കുന്നത്.
40 വർഷം പഴക്കമുള്ള ഒരു ജാപ്പനീസ് വീടിന്‍റെ ഉള്ളിലുള്ള കാഴ്ചകൾ ഇന്ത്യൻ ട്രാവൽ കണ്ടന്‍റ് ക്രിയേറ്ററായ ആദിത്യ സാഹൂ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോൾ അത് വളരെ പെട്ടെന്നാണ് വൈറലായത്. പരമ്പരാഗത ജാപ്പനീസ് വീടിന്‍റെ അകത്തളങ്ങൾ പ്രക്ഷകരിൽ വലിയ താത്പര്യമുണർത്തി. ലളിതമായ രൂപകൽപ്പനയും പ്രകൃതിയോട് ചേർന്ന അന്തരീക്ഷവും നിരവധി കാഴ്ചക്കാരെ ആകർഷിച്ചു.
‘ഡോറമോണിന്‍റെ വീട്’
ആദിത്യ വീട്ടുടമയായ സ്ത്രീയോട് വീടിനെക്കുറിച്ച് ചോദിക്കുന്നിടത്താണ് ആ ഹോം ടൂർ ആരംഭിക്കുന്നത്. ഏകദേശം 40 വർഷം പഴക്കമുള്ളതാണ് വീടെന്ന് അവർ പറയുന്നു. ഇതുകേട്ട ആദിത്യ, വീട് കണ്ടപ്പോൾ ‘ഡോറമോണിന്‍റെ വീട്’ പോലെയാണ് തോന്നുന്നതെന്ന് തമാശയായി പ്രതികരിക്കുന്നു. വീട്ടുടമയും അത് കേട്ട് ചിരിച്ച് കൊണ്ട് സമ്മതിക്കുന്നു. തുടർന്ന് വീടിന്‍റെ പരമ്പരാഗത സവിശേഷതകളാണ് അവർ പരിചയപ്പെടുത്തുന്നത്. ജാപ്പനീസ് വീടുകളിൽ ഏറെ പ്രസിദ്ധമായ ടാറ്റാമി പായകൾ വിരിച്ച നിലമുള്ള കിടപ്പുമുറിയും മരച്ചുവരുകളുള്ള പ്രധാന മുറിയും വീഡിയോയിൽ കാണാം. വൈകുന്നേരങ്ങളിൽ താനും ഭർത്താവും ഇവിടെ ഇരുന്ന് വിശ്രമിക്കുകയും ടെലിവിഷൻ കാണുകയും ചെയ്യാറുണ്ടെന്നും വീട്ടുടമ പറയുന്നു.
ലാളിത്യമാണ് മുഖമുദ്ര
ഒപ്പം വീട്ടിലെ പൂന്തോട്ടം, പടികൾ, അടുക്കള എന്നിവയും അവർ ആദിത്യയ്ക്ക് പരിചയപ്പെടുത്തുന്നു. വീടിന്‍റെ ലാളിത്യവും പരമ്പരാഗത ശൈലിയും കണ്ട് ആദിത്യ ‘സുഗോയ്’ എന്ന് ആവേശത്തോടെ പ്രതികരിക്കുന്നു. ജാപ്പനീസ് രീതിയിലുള്ള ബാത്ത്റൂമും വീടിന്‍റെ മറ്റൊരു ശ്രദ്ധേയമായ ഭാഗമാണ്. വീട് തനിച്ച് താമസിക്കാൻ വളരെ വലുതാണെന്ന് ആദിത്യ ചൂണ്ടിക്കാട്ടിയപ്പോൾ, ഭർത്താവിനൊപ്പമാണ് താമസിക്കുന്നതെന്ന് അവർ തമാശയോടെ പറയുന്നു. തുടർന്ന് ഭർത്താവ് യുസുകെയും ക്യാമറയ്ക്ക് മുന്നിലെത്തി പരിചയപ്പെടുന്നു.
വീഡിയോയ്ക്ക് താഴെ ജാപ്പനീസ് ദമ്പതികളുടെ വിനയം, ആതിഥ്യ മര്യാദ, സൗഹൃദപരമായ പെരുമാറ്റം എന്നിവയെ പ്രശംസിച്ച് നിരവധി പേർ കുറിപ്പുകളെഴുതി. വീട് മാത്രമല്ല, അവിടുത്തെ ജീവിത ശൈലിയും സംസ്കാരവും തന്നെയാണ് വീഡിയോയുടെ പ്രധാന ആകർഷണമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.


