
മരണത്തിനു ശേഷവും യജമാനനെ പിരിയാൻ കൂട്ടാക്കാതെ മൗയി. ലോകമെമ്പാടുമുള്ള നിരവധിപേരെ കണ്ണീരിലാഴ്ത്തിയ കാഴ്ചയാണ് സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നിന്ന് പുറത്തുവന്നത്. ബോണ്ടി ബീച്ചിന് സമീപം നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട യജമാനന്റെ അരികിൽ നിന്ന് മാറാൻ കൂട്ടാക്കാത്ത വളർത്തുനായയുടെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ കണ്ടത് അനേകായിരങ്ങൾ. വെടിവയ്പ്പിനിടയിലും തന്റെ യജമാനന്റെ ജീവനറ്റ ശരീരത്തെ തനിച്ചാക്കി പോകാൻ 'മൗയി' എന്ന ബെർണീസ് മൗണ്ടൻ ഡോഗ് തയ്യാറായിരുന്നില്ല. ഡിസംബർ 14 -ന് വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ ഈ ആക്രമണം.
ബീച്ചിന് സമീപം സാജിദ് അക്രം എന്നയാൾ നടത്തിയ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതൊരു ആസൂത്രിത ഭീകരാക്രമണമാണെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ചുറ്റുമുള്ളവർ പ്രാണരക്ഷാർത്ഥം ഓടുമ്പോഴും അപകടം വകവെക്കാതെ മൗയി തന്റെ യജമാനന്റെ അരികിൽ തന്നെ നിന്നു. തന്റെ ഭാര്യയോടും രണ്ട് വളർത്തുനായ്ക്കളോടുമൊപ്പം നടക്കാനിറങ്ങിയതായിരുന്നു കൊല്ലപ്പെട്ട വ്യക്തി. അദ്ദേഹത്തിന്റെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മൗയിയുടെ വിശ്വസ്തതയും സ്‌നേഹവും ആ യജമാനന് കിട്ടിയ ഏറ്റവും വലിയ ആദരമാണെന്ന് നിരവധി പേർ കമന്റുകൾ എഴുതി. സംഭവത്തിന് പിന്നാലെ നായയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നതിനെത്തുടർന്ന് മൃഗസംരക്ഷണ പ്രവർത്തകരും പൊതുജനങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മൗയിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് മൗയിയെ സുരക്ഷിതമായി യജമാനന്റെ ഭാര്യയുടെ അടുത്തെത്തിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. വലിയൊരു ദുരന്തത്തിനിടയിലും നായയെ കണ്ടെത്തി എന്ന വാർത്ത ചെറിയൊരു ആശ്വാസമായി.
ബോണ്ടി ബീച്ച് വെടിവെപ്പിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുമ്പോൾ, ഈ വിശ്വസ്തനായ നായയുടെ ചിത്രം ദുരന്തത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ഓർമ്മയായി അവശേഷിക്കുന്നു.