നായയുടെ പിറന്നാളാഘോഷം, 100 കിലോയുടെ കേക്ക്, 4000 അതിഥികൾക്ക് ഭക്ഷണം!

Published : Jun 25, 2022, 11:40 AM IST
നായയുടെ പിറന്നാളാഘോഷം, 100 കിലോയുടെ കേക്ക്, 4000 അതിഥികൾക്ക് ഭക്ഷണം!

Synopsis

100 കിലോയുടെ കേക്ക് മുറിച്ച് നായയുടെ പിറന്നാളാഘോഷം നടത്തി എന്നും വെജിറ്റേറിയനും നോൺ- വെജിറ്റേറിയനുമായി 4000 പേർക്ക് ഭക്ഷണം വിളമ്പി എന്നും അടിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 

മനുഷ്യനും നായകളും തമ്മിൽ വലിയ സൗഹൃദവും സ്നേഹവും ഉണ്ട്. എത്രയോ കാലമായി അത് അങ്ങനെ തന്നെയാണ്. കുഞ്ഞുങ്ങളെ പോലെ തന്നെയാണ് പലരും തങ്ങളുടെ നായകളേയും കാണുന്നത്. എന്നാൽ, കർണാടകയിലുള്ള ഒരാൾ തന്റെ നായയുടെ പിറന്നാളിന് ചെയ്തത് കുറച്ചധികമാണ് എന്ന് പറയേണ്ടി വരും. 

ശിവപ്പ യെല്ലപ്പ മാറാടി എന്ന മനുഷ്യൻ അടുത്തിടെ ബെലഗാവിയിൽ തന്റെ നായയുടെ ജന്മദിനം ഗംഭീരമായി ആഘോഷിച്ചു. എന്നാൽ, അതുകൊണ്ടായില്ല, സംഭവം അവിസ്മരണീയമാക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അതിനായി, 100 കിലോഗ്രാമിന്റെ കേക്കാണ് പിറന്നാളിന് മുറിച്ചത്. 

പിറന്നാൾ പാർട്ടിയിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. അതിൽ അയാൾ തന്റെ നായയുടെ പിറന്നാൾ ആഘോഷത്തിൽ 100 കിലോഗ്രാം കേക്ക് മുറിക്കുന്നതായി കാണാം. ക്രിഷ് എന്നാണ് നായയുടെ പേര്. കേക്കിന് മുമ്പിലായി അതിഥികൾക്ക് നടുവിൽ പർപ്പിൾ നിറത്തിലുള്ള ജന്മദിന തൊപ്പിയും ധരിച്ച് ക്രിഷ് നിൽക്കുന്നത് വീഡിയോയിൽ കാണാം. കൂടാതെ ചുറ്റും നിൽക്കുന്നവർ കയ്യടിക്കുന്നതും കേക്ക് പൊട്ടിച്ച് നായയുടെ വായിൽ വച്ച് കൊടുക്കുന്നതും കാണാം. ‌

ഇമ്രാൻ ഖാൻ എന്നയാളാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. കർണാടകയിലെ മുദലഗി താലൂക്കിൽ ബെലഗാവിയിൽ വച്ച് 100 കിലോയുടെ കേക്ക് മുറിച്ച് നായയുടെ പിറന്നാളാഘോഷം നടത്തി എന്നും വെജിറ്റേറിയനും നോൺ- വെജിറ്റേറിയനുമായി 4000 പേർക്ക് ഭക്ഷണം വിളമ്പി എന്നും അടിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചിലർ ഇത് ഉടമയ്ക്ക് നായയോടുള്ള സ്നേഹം കാണിക്കുന്നു എന്ന് അഭിപ്രായപ്പെട്ടപ്പോൾ ചിലർ പറഞ്ഞത് നായയ്ക്ക് ഇത്രയധികം ആളുകളോ ബ​ഹളമോ ഒന്നും സന്തോഷം നൽകുന്നുണ്ട് എന്ന് തോന്നുന്നില്ല. ഇത് നായയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല മറിച്ച് ഉടമയ്ക്ക് അയാളുടെ ഇമേജ് വർധിപ്പിക്കാൻ ചെയ്തതാണ് എന്നാണ്. 

ഏതായാലും വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം നായയുമായി ഉടമ യാത്രയ്ക്ക് പോയി എന്നും റിപ്പോർട്ടുകളുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഭർത്താവിനെയും വീട്ടുകാരെയും തല്ലാൻ 25 ബന്ധുക്കളെ വിളിച്ച് വരുത്തി ഭാര്യ, തല്ല് കഴിഞ്ഞ് സ്വർണവുമായി കടന്നു, പോലീസ് നോക്കി നിന്നു; വീഡിയോ
യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ