
എന്ത് ജോലി ചെയ്യുന്നു എന്നതിനേക്കാൾ എത്ര സമ്പാദിക്കുന്നു എന്നതിന് പ്രാധാന്യം നൽകുന്ന കാലമാണിത്. ബിടെക്കുകാരും എംബിഎക്കാരുമൊക്കെ ചായക്കട തുടങ്ങാൻ മടിക്കാത്ത കാലം. പലരും കോർപറേറ്റ് സ്ഥാപനത്തിൽ ചൂഷണങ്ങൾക്കിരയാകുമ്പോൾ ഇത്തരം തൊഴിലുകളിലൂടെ നല്ല പണം സമ്പാദിക്കുന്ന ആളുകളും ഉണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. താനെയിലെ ഒരു ദോശക്കട ഉടമയാണ് വീഡിയോയിൽ ഉള്ളത്. കണ്ടൻ്റ് ക്രിയേറ്റർ ഉത്കർഷ് വർമ്മയുമായുള്ള സംഭാഷണത്തിലാണ് താനെയിലെ 'ബെന്നെ റഷ്' എന്ന റെസ്റ്റോറൻ്റിൻ്റെ ഉടമ തൻ്റെ ബിസിനസ്സ് അനുഭവങ്ങൾ തുറന്നുപറഞ്ഞത്.
തുടക്കത്തിൽ മികച്ച പ്രതികരണമായിരുന്നു തന്റെ റെസ്റ്റോറന്റിന് ലഭിച്ചിരുന്നത് എന്ന് ഉടമ പറയുന്നു. അക്കാലത്ത് പ്രതിമാസം 12 മുതൽ 13 ലക്ഷം രൂപ വരെ വിറ്റുവരവ് ഉണ്ടായിരുന്നു. എന്നാൽ, പിന്നീട് ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടായി. വാടക 1 ലക്ഷം രൂപയാണ്. ജീവനക്കാരുടെ ശമ്പളം 1.5 ലക്ഷം, വൈദ്യുതി, മറ്റ് വസ്തുക്കൾ, മറ്റ് ചെലവുകൾ ഉൾപ്പടെ ആകെ ചെലവ് ഏകദേശം 4 ലക്ഷം. എല്ലാ ചെലവുകളും കഴിഞ്ഞ് നിലവിൽ പ്രതിമാസം 1 ലക്ഷം രൂപയോളം മാത്രമാണ് സമ്പാദ്യമായി ലഭിക്കുന്നതെന്ന് യുവാവ് പറയുന്നു. വേനൽക്കാലത്ത് കച്ചവടം കുറയുന്നതാണ് ലാഭം ഇടിയാൻ കാരണം. തണുപ്പുകാലത്ത് ബിസിനസ്സ് വീണ്ടും മെച്ചപ്പെടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാഭത്തിൽ കുറവുണ്ടായെങ്കിലും മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുന്നതിനേക്കാൾ തനിക്കിഷ്ടം സ്വന്തം ബിസിനസ്സ് നടത്തുന്നതാണെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. ജോലി ഉപേക്ഷിച്ച് സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ ആഗ്രഹിക്കുന്നവരോട് അദ്ദേഹത്തിന് പറയാനുള്ളത് ഇതാണ്, 'ഒരിക്കലെങ്കിലും ജോലി ഉപേക്ഷിച്ച് ബിസിനസ്സ് തുടങ്ങണം എന്ന ചിന്ത നിങ്ങളുടെ മനസ്സിൽ വരും. തീർച്ചയായും നിങ്ങളത് ചെയ്യണം. സ്വന്തം സ്വപ്നങ്ങളെ പിന്തുടരുക. ഒന്നുരണ്ട് തവണ പരാജയപ്പെട്ടേക്കാം, എങ്കിലും ഒടുവിൽ വിജയം നിങ്ങളെ തേടിയെത്തും.'
Average Dosa shop generates
₹12 Lakh a month. Most people think he’s rich.
Here is the actual truth : pic.twitter.com/CYDOXqjbWX— Vara Tweets 🪷 (@2Varalakshmi) July 18, 2026
'ഇന്ത്യയിൽ മാസം 80,000 രൂപ ശമ്പളമുള്ള ജോലിയെ മാന്യമായ ജോലിയായിട്ടാണ് കാണുന്നത്. എന്നാൽ, 12 ലക്ഷം രൂപ വരുമാനമുള്ള ദോശക്കട ഉടമയ്ക്ക് ആ പരിഗണന ലഭിക്കുന്നില്ല. വിജയത്തിൻ്റേത് വിചിത്രമായ നിർവചനം തന്നെ' എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ദോശക്കട ഉടമയുടെ ആത്മവിശ്വാസത്തെ പുകഴ്ത്തി നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. അതേസമയം, 12 ലക്ഷം രൂപ വിറ്റുവരവുണ്ടെങ്കിൽ ചെലവുകൾ കഴിഞ്ഞ് കുറഞ്ഞത് 4-5 ലക്ഷം രൂപയെങ്കിലും ലാഭം ലഭിക്കേണ്ടതാണെന്നും ബിസിനസ്സ് മാർജിൻ കുറവാണെന്നും മറ്റ് ചിലർ ചൂണ്ടിക്കാണിക്കുന്നു.